സർവ്വകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകൾ നോക്കിത്തുടങ്ങി; അയഞ്ഞ് ഗവർണർ

തിരുവനന്തപുരം: സർവ്വകലാശാലകളുടെ ചാൻസലർ പദവി വഹിക്കില്ലെന്ന നിലപാടിൽ അയഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലോടെയാണ് ഗവർണർ നിലപാടിൽ അയവു വരുത്തിയതെന്നാണ് റിപ്പോർട്ടുകൾ. സർവ്വകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകൾ ഗവർണർ നോക്കിത്തുടങ്ങിയെന്ന് രാജ്ഭവൻ വൃത്തങ്ങൾ വ്യക്തമാക്കി. സർക്കാരുമായുള്ള പോരിനെ തുടർന്ന് ഒന്നര മാസത്തിന് ശേഷമാണ് ഗവർണർ ചാൻസലർ എന്ന നിലയിലുള്ള അധികാരം വിനിയോഗിക്കുന്നത്.

ഗവർണറുമായുള്ള തർക്കത്തിന് പരിഹാരം കാണാനായി മുഖ്യമന്ത്രി നാല് കത്തുകൾ ഗവർണർക്ക് അയച്ചിരുന്നു. രണ്ട് തവണ ഗവർണറുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിക്കുകയും ചെയ്തു. ഗവർണർ ചാൻസലർ സ്ഥാനത്ത് തുടരണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭ്യർത്ഥന. സർവ്വകലാശാലകളിൽ രാഷ്ട്രീയ ഇടപെടൽ ഇല്ലെന്നും അത്തരം നീക്കങ്ങൾ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഗവർണർക്ക് ഉറപ്പ് നൽകിയിരുന്നുവെന്നാണ് വിവരം.

രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാനുള്ള ശുപാർശ കേരള സർവ്വകലാശാല നിരസിച്ചതോടൊണ് ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ തർക്കം ആരംഭിച്ചത്. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറുടെ പുനർ നിയമനത്തിലെ ഇടപെടലും തർക്കത്തിനും അഭിപ്രായ ഭിന്നതയ്ക്കും കാരണമായിരുന്നു. ചാൻസലർ സ്ഥാനത്ത് തുടരില്ലെന്ന് വ്യക്തമാക്കി ഡിസംബർ ആദ്യം രണ്ട് കത്തുകൾ ഗവർണർ മുഖ്യമന്ത്രിയ്ക്ക് അയച്ചിരുന്നു.