തൃശൂര്‍: കുതിരാന്‍ ഒന്നാം തുരങ്കത്തില്‍ ഇന്നലെ രാത്രി ടിപ്പര്‍ ലോറി ലൈറ്റുകളും ക്യാമറകളും തകര്‍ത്തു. പിറകിലെ ഭാഗം ഉയര്‍ത്തിയാണ് ലോറി 90 മീറ്റര്‍ ദൂരത്തില്‍ 104 ലൈറ്റുകളും പാനലുകളും, പത്ത് സുരക്ഷാ ക്യാമറകള്‍, പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ എന്നിവ പൂര്‍ണ്ണമായും തകര്‍ത്തത്. രാത്രി 8.50 ഓടെയാണ് പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടിപ്പര്‍ ലോറി ബക്കറ്റ് ഉയര്‍ത്തിവെച്ച് തുരങ്കത്തിലൂടെ കടന്നു പോയത്.
ലൈറ്റുകള്‍ തകര്‍ന്ന് വീഴുന്നതിന്റെ ശബ്ദം കേട്ട് ടിപ്പര്‍ നിര്‍ത്തുകയും പിന്നീട് പിന്‍ഭാഗം താഴ്ത്തിയ ശേഷം നിര്‍ത്താതെ ഓടിച്ചു പോകുകയും ചെയ്തു. ടിപ്പറിനായുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. പത്തുലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍, തുരങ്കത്തിലെ ലൈറ്റുകള്‍ മനപൂര്‍വ്വം തകര്‍ത്തതാണോ എന്നത് വ്യക്തമല്ല. സിസിടിവിയില്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നമ്പര്‍ വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു.
അതേസമയം, ലൈറ്റുകളുടെ തകര്‍ച്ച ഗതാഗതത്തെ ബാധിച്ചിട്ടില്ല. രണ്ടാം തുരങ്കം കഴിഞ്ഞ ദിവസം തുറന്നതോടെ ഒന്നാം തുരങ്കത്തിലെ ഗതാഗത കുരുക്കിന് കുറവ് വന്നിട്ടുണ്ട്.

