കെ-റെയില്‍ സര്‍വേക്കല്ലുകള്‍ പിഴുത നടപടിയെ പിന്തുണച്ച് റോജി എം. ജോണ്‍ എംഎല്‍എ

അങ്കമാലി: അങ്കമാലിയില്‍ കെ-റെയില്‍ സര്‍വേ കല്ലുകള്‍ പിഴുത നിലയില്‍. അതേസമയം, പദ്ധതിയുടെ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ നടപടിയെ അനുകൂലിച്ച് റോജി എം ജോണ്‍ എംഎല്‍എ രംഗത്തെത്തി. സാധാരണ ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്നും സംസ്ഥാനത്ത് സ്ഥാപിച്ച കല്ലുകള്‍ക്ക് മുഴുവന്‍ പോലീസ് കാവല്‍ നില്‍ക്കുമോയെന്നും റോജി എം ജോണ്‍ ചോദിച്ചു.

അങ്കമാലി, എളവൂര്‍, പാറക്കടവിനടുത്ത് ത്രിവേണി കവലയിലെ പാടശേഖരത്തിലാണ് ഇന്നലെ കെ-റെയില്‍ ഉദ്യോഗസ്ഥരെത്തി സര്‍വേ കല്ലുകള്‍ സ്ഥാപിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം കെ-റെയില്‍ വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തില്‍ ഉയരുകയും, പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീകക്ുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്ന് പുലര്‍ച്ചെയാണ് സര്‍വേ കല്ലുകള്‍ പിഴുതു മാറ്റുകയും അതിന് മുകളില്‍ റീത്ത് വെയ്ക്കുകയും ചെയ്തതായി കണ്ടെത്തിയത്.

ജനങ്ങളെ അറസ്റ്റ് ചെയ്തും ഭീക്ഷണിപ്പെടുത്തിയും സ്ഥാപിച്ച കെ റെയില്‍ കല്ലുകള്‍ക്ക് 24 മണിക്കൂറിന്റെ ആയുസ് ഉണ്ടായില്ലെന്ന് റോജി എം ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ജനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് തക്ക മറുപടി നല്‍കിയ ധീരന്‍മാര്‍ക്ക് അഭിവാദ്യങ്ങളെന്നുമാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്.