കാസർകോട്: ജില്ലയിൽ പൊതുപരിപാടികൾ പാടില്ലെന്ന് അറിയിച്ച് പുറത്തിറക്കിയ ഉത്തരവ് പിൻവലിച്ച് കാസർകോട് കളക്ടർ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുപരിപാടികൾ പാടില്ലെന്ന് വ്യക്തമാക്കി ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നീട് രണ്ടു മണിക്കൂറിനുള്ളിൽ ഈ ഉത്തരവ് കളക്ടർ പിൻവലിക്കുകയായിരുന്നു. സിപിഎം കാസർകോട് ജില്ലാ സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കുന്ന സാഹചര്യത്തിലാണ് കളക്ടറുടെ നടപടിയെന്ന വിമർശനം ഉയരുന്നുണ്ട്.
ടിപിആർ അടിസ്ഥാനമാക്കിയാണ് ആദ്യ ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന് അനുസൃതമായിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടത്. ഈ സാഹചര്യത്തിലാണ് നേരത്തെയുള്ള ഉത്തരവ് പിൻവലിക്കുന്നതെന്ന് കളക്ടർ വിശദമാക്കി. 36.6 ശതമാനമാണ് കാസർകോട് ജില്ലയിലെ വ്യാഴാഴ്ച്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

