തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കോവിഡ്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അടുത്ത ദിവസങ്ങളിൽ ഞാനുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവർ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് രോഗവ്യാപനം വർധിച്ചു കൊണ്ടിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ആറ് ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും കോവിഡ് രോഗബാധ കണ്ടെത്തി. വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫീസുകളിലും നിരവധി പേർക്ക് രോഗബാധ ഉണ്ടായി. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വനംമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം മൂന്നുദിവസം മുൻപുതന്നെ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. സെക്രട്ടറിയേറ്റിലും കോവിഡ് വ്യാപനം രൂക്ഷമാണ്. സെക്രട്ടേറിയേറ്റ് ലൈബ്രറി അടയ്ക്കുകയും ചെയ്തു. സെക്രട്ടറിയേറ്റിൽ കഴിഞ്ഞ ദിവസം 72 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ള ജീവനക്കാർക്ക് വരെയെങ്കിലും വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. ജോലിക്കാര്യത്തിൽ അടിയന്തരമായി പുനഃക്രമീകരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന മുഖ്യമന്ത്രിക്ക് കത്തു നൽകിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകൾ 22,000 കഴിഞ്ഞിരിക്കുന്നതിനാൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കോവിഡ് കേസുകൾ ഡിസംബർ 26ന് 1824 വരെ കുറഞ്ഞതാണ്. എന്നാൽ ക്രിസ്തുമസ്, ന്യൂ ഇയർ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കോവിഡ് കേസുകൾ വർധിച്ചു. ജനുവരി ഏഴിന് കേവിഡ് കേസുകൾ 5,000ന് മുകളിലായിരുന്നു. അത് കേവലം 10 ദിവസം കൊണ്ട് നാലിരട്ടിയിലധികമായി വർധിച്ചു. ജനുവരി 12ന് 12,000ന് മുകളിലും ജനുവരി 17ന് 22,000ന് മുകളിലും എത്തിയിട്ടുണ്ട്. ഇനിയും കേവിഡ് കേസുകൾ കുത്തനെ ഉയരാതിരിക്കാൻ എല്ലാവരും അതീവ ജാഗ്രത പാലിക്കണം. ആരിൽ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണുള്ളത്. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർ ശരിയായവിധം എൻ 95 മാസ്‌കോ, ഡബിൾ മാസ്‌കോ ധരിക്കേണ്ടതാണെന്ന് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളിൽ ഏകദേശം 60,161 വർധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ കേസുകളുടെ വളർച്ചാ നിരക്കിൽ 182 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികൾ 160 ശതമാനവും, ആശുപത്രികളിലെ രോഗികൾ 41 ശതമാനവും, ഫീൽഡ് ആശുപത്രികളിലെ രോഗികൾ 90 ശതമാനവും, ഐസിയുവിലെ രോഗികൾ 21 ശതമാനവും, വെന്റിലേറ്ററിലെ രോഗികൾ 6 ശതമാനവും, ഓക്സിജൻ കിടക്കകളിലെ രോഗികൾ 30 ശതമാനവും വർധിച്ചിട്ടുണ്ട്. പ്രായമായവർക്കും മറ്റനുബന്ധ രോഗമുള്ളവർക്കും കോവിഡ് ബാധിച്ചാൽ പെട്ടന്ന് ഗുരുതരമാകാൻ സാധ്യതയുണ്ട്. രോഗികളുടെ എണ്ണം കുത്തനെ ഉയർന്നാൽ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണവും ഗുരുതാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണവും മരണങ്ങളും അധികമായുണ്ടായേക്കാം. ഇത് ആശുപത്രി സംവിധാനങ്ങളെ സമ്മർദത്തിലാക്കും. അതിനാൽ എല്ലാവരും കൂടുതൽ ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

