തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്നു. ഇതുവരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഞായറാഴ്ച്ച രേഖപ്പെടുത്തിയത്. 30.55 ആണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 59,314 സാംപിളുകളാണ് സംസ്ഥാനത്ത് ഞായറാഴ്ച്ച പരിശോധയ്ക്ക് വിധേയമാക്കിയത്. 18,123 പേർക്കാണ് ഞായറാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്തും തിരുവനന്തപുരത്തും സ്ഥിതി രൂക്ഷമായി തുടരുകയാണ്.
കഴിഞ്ഞ വർഷം മെയ് 12 നാണ് സംസ്ഥാനത്ത് ഇതിന് മുൻപ് ഏറ്റവും ഉയർന്ന ടിപിആർ നിരക്ക് രേഖപ്പെടുത്തിയത്. 29.75 ആയിരുന്നു അന്നത്തെ ടിപിആർ നിരക്ക്. 1,46,320 സാംപിളുകളാണ് അന്ന് പരിശോധിച്ചത്. ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തതും അന്നേദിവസം തന്നെയാണ്. 43,529 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,670 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,13,251 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 4419 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 528 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 1,03,864 കോവിഡ് കേസുകളിൽ, 4 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 8 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഞായറാഴ്ച്ച സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 150 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,832 ആയി. ഞായറാഴ്ച്ച രോഗം സ്ഥിരീകരിച്ചവരിൽ 113 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,627 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 234 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 149 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

