‘വരാനിരിക്കുന്നത് സ്റ്റാര്‍ട്ടപ്പുകളുടെ സുവര്‍ണ കാലം’; ജനുവരി 16 സ്റ്റാര്‍ട്ടപ്പ് ദിനമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രചോദനം നല്‍കുന്നതിനായി ജനുവരി 16 ദേശീയ സ്റ്റാര്‍ട്ട്പ്പ് ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ 150 സ്റ്റാര്‍ട്ട് അപ് കമ്പനികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

സ്റ്റാര്‍ട്ടപ്പുകളുടെ സുവര്‍ണകാലമാണ് ഇനി വരാനിരിക്കുന്നത്. സ്വയം പര്യാപ്തത കൈവരിക്കാനും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനും സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ വികസിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളുടെ ലോകത്ത് ഇന്ത്യന്‍ പതാകയുയര്‍ത്തി മാതൃകയായ യുവസംരഭകരെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

തൊഴില്‍, വ്യവസായ മേഖലകള്‍ ശക്തിപ്പെടുത്തുന്നതിനായി ജനുവരി 10 മുതല്‍ 16 വരെ സംഘടിപ്പിച്ച അമൃത മഹോത്സവത്തിന്റെ ഭാഗമായായിരുന്നു സ്റ്റാര്‍ട്ടപ്പുകളുമായി മോദിയുടെ കൂടിക്കാഴ്ച. കൃഷി, ആരോഗ്യം, ഫിന്‍ടെക്ക്, സ്പേസ്, പരിസ്ഥിതി, സാമ്പത്തികം, സുരക്ഷ, ഇന്‍ഡസ്ട്രി 4.0 മുതലായ മേഖലകളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളാണ് പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്.