നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്ന പുതിയ ഹര്‍ജിയുമായി ദിലീപ്‌

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്നും ഇത് കോടതിയില്‍ സമര്‍പ്പിക്കണമെന്ന പുതിയ ഹര്‍ജിയുമായി ദിലീപ്. കോടതിയില്‍ നല്‍കിയില്ലെങ്കില്‍ ഈ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാഹചര്യം ഉണ്ടെന്നും തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചേക്കാമെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി അടുത്ത ദിവസം വിചാരണ കോടതി പരിഗണിക്കുമെന്നാണ് സൂചന.

അതേസമയം, ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ് കോടതിയില്‍ അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തണമെന്ന് നടന്‍ ദിലീപും കൂട്ടരും 2017 നവംബര്‍ 15-ന് ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ ഗൂഢാലോചന നടത്തിയെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി.