ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധി അംഗീകരിക്കാൻ കഴിയില്ല; അപ്പീൽ നൽകുമെന്ന് എസ് പി ഹരിശങ്കർ

കൊച്ചി: ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധി അംഗീകരിക്കാൻ കഴിയില്ലെന്ന് എസ്പി ഹരിശങ്കർ. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോട്ടയം അഡീഷണൽ സെഷൻസ് കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു രീതിയിലും അംഗീകരിക്കാൻ പറ്റുന്ന വിധിയല്ല ഇത്. കൃത്യമായ ശാസ്ത്രീയ തെളിവുകൾ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഇത്തരത്തിലൊരു വിധി വന്നെന്ന് മനസിലാകുന്നില്ല. കേസിലെ ഇരയായ വ്യക്തിയെ 9 ദിവസം വിസ്തരിച്ചിരുന്നു. കൃത്യമായ ശാസ്ത്രീയ തെളിവുകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹ ചൂണ്ടിക്കാട്ടി.

ഇത്തരം കേസുകളിൽ അനുഭാവപൂർണമായ നിലപാട് സ്വീകരിക്കണമെന്ന് സുപ്രീം കോടതിയുടെ മാർഗനിർദ്ദേശം ഉണ്ട്. ഒരു ബലാത്സംഗക്കേസിൽ ഇരയുടെ മൊഴി മാത്രം കേട്ട് ശിക്ഷിക്കാമെന്ന മാർഗനിർദ്ദേശം ഉണ്ടായിരിക്കെ ഇത്രയും തെളിവുകളും ശാസ്ത്രീയ തെളിവുകളും ഉണ്ടായിട്ടും പ്രതിയെ വെറുതെവിട്ട നടപടി ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രതിയെ കുറ്റക്കാരനായി കോടതി വിധിക്കുമെന്ന് 100 ശതമാനം ഉറപ്പുണ്ടായിരുന്നു. എന്നാൽ അതുണ്ടായില്ല. ഒരു പ്രലോഭനങ്ങൾക്കും വഴങ്ങാതെ സത്യസന്ധമായി കോടതിയിൽ വന്ന് മൊഴി പറഞ്ഞ ആളുകൾക്ക് ഇത് വലിയ തിരിച്ചടിയായിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അവരെ സംബന്ധിച്ച് ഇനി വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. അതുപോലെ നിശബ്ദരാക്കപ്പെട്ട പല ആളുകൾ കാണും. അത്തരത്തിലുള്ളവർ ഇനി മുന്നോട്ട് വരാൻ മടിക്കും. കുറ്റം ചെയ്തത് അധികാരശ്രേണിയിലുള്ള ആളാണെങ്കിൽ പോലും ശിക്ഷിക്കപ്പെടുമെന്ന സന്ദേശം കൊടുക്കാൻ കോടതിക്ക് സാധിച്ചില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വളരെ നല്ല രീതിയിൽ തെളിവുകളുള്ള കേസാണ് ഇത്. 2014 ൽ നടന്ന സംഭവം 2018 ൽ റിപ്പോർട്ട് ചെയ്തു എന്ന കാലതാമസം മാത്രമാണ് വന്നത്. പക്ഷേ കൃത്യമായ സാഹചര്യമുണ്ടെങ്കിൽ അത് കേസിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പേടി, ആശങ്ക ഇതെല്ലാം മൊഴി നൽകുന്നതിൽ കാലതാമസം വരുത്തുന്ന ഘടകമാണ്. ഇതിലെല്ലാം കൃത്യമായ തെളിവുകളുണ്ട്. മെഡിക്കൽ തെളിവുകൾ വരെ ഉള്ള സാഹര്യത്തിൽ ഇത്തരമൊരു വിധി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.