ന്യൂഡൽഹി: ഇന്ത്യയുടെ യുദ്ധ പ്രതിരോധ മിസൈൽ വാങ്ങാനൊരുങ്ങി ഫിലിപ്പീൻസ്. 374.9 ദശലക്ഷം യുഎസ് ഡോളർ നൽകിയാണ് ഫിലിപ്പീൻസ് മിസൈൽ സ്വന്തമാക്കുന്നത്. ബ്രഹ്മോസ് അധികൃതരെ ഇക്കാര്യം ഫിലിപ്പീൻസ് ദേശീയ പ്രതിരോധ വകുപ്പ് അറിയിക്കുകയും ചെയ്തു. മിസൈൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറിനെപ്പറ്റിയുള്ള ബ്രഹ്മോസ് എയ്റോസ്പേസിന്റെ പ്രതികരണം പത്ത് ദിവസത്തിനുള്ളിൽ നല്കണമെന്ന് ഫിലിപ്പീൻസ് നാവിക സേന ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ഡിആർഡിഒയും റഷ്യയുടെ എൻപിഒഎമ്മും സംയുക്തമായി വികസിപ്പിച്ച മിസൈലാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ. ബ്രഹ്മോസ് മിസൈലാണ് ഇന്ത്യൻ നാവികസേനയും, വ്യോമസേനയും, സൈന്യവും നിലവിൽ ഉപയോഗിക്കുന്നത്. ലക്ഷ്യസ്ഥാനത്തേക്കു ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ പറക്കാൻ ബ്രഹ്മോസ് മിസൈലിനു സാധിക്കും. യുദ്ധക്കപ്പലിന്റെ വൈദഗ്ദ്ധ്യം കാരണം പല രാജ്യങ്ങളും ബ്രഹ്മോസ് മിസൈൽ വാങ്ങാൻ പദ്ധതിയിട്ടുണ്ടെന്നാണ് വിവരം. മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ വിജയമാണിതെന്നാണ് വിദഗ്ധർ പറയയുന്നത്.

