തിരുവനന്തപുരം: ഡി ലിറ്റ് വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടി നൽകി കേരളാ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. വിപി മഹാദേവൻ പിള്ള. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഗവർണർക്ക് മറുപടി നൽകിയത്. ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ സമ്മർദമുണ്ടായി എന്നാണ് വൈസ് ചാൻസലർ പറയുന്നത്.
ജീവിതത്തിന്റെ ഗ്രാമറും സ്പെല്ലിംഗും തെറ്റാതിരിക്കാൻ ജാഗരൂകനാണ്. മനസ്സ് പതറുമ്പോൾ കൈവിറച്ചു പോകുന്ന സാധാരണത്വം ഒരു കുറവായി താൻ കാണുന്നില്ല. ഗുരുഭൂതന്മാരുടെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതിന് കേരള സർവകലാശാല സിൻഡിക്കേറ്റിന് യോജിപ്പില്ല എന്ന തീരുമാനം അറിയിക്കാനായി ഗവർണറെ കണ്ടപ്പോൾ തന്നെ സമ്മർദത്തിലാക്കി എന്നാണ് പ്രസ്താവനയിലൂടെ അദ്ദേഹം പറയുന്നത്. ഗവർണർക്ക് നൽകിയ കത്തിൽ അക്ഷരത്തെറ്റും വ്യാകരണ പിശകും ഉണ്ടാകാൻ കാരണമായത് മാനസിക സമ്മർദമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കേരള സർവകലാശാല വൈസ് ചാൻസലറുടെ ഭാഷയെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വൈസ് ചാൻസലറുടെ ഭാഷ കണ്ട് താൻ ഞെട്ടിയെന്നും ലജ്ജാകരമായ ഭാഷയാണ് ഉപയോഗിച്ചതെന്നുമായിരുന്നു ഗവർണറുടെ പ്രതികരണം. ഈ സാഹചര്യത്തിലാണ് വൈസ് ചാൻസലർ മറുപടിയുമായി രംഗത്തെത്തിയത്.

