രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഇ-പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രം. ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചുള്ള ഇവ കൂടുതല്‍ സുരക്ഷിതമാണെന്നും ഇമിഗ്രേഷന്‍ പോസ്റ്റുകളിലൂടെ സുഗമമായി കടന്നുപോകാന്‍ സഹായകമാണെന്നും വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ പറഞ്ഞു. പാസ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്ന മൈക്രോചിപ്പ്, പാസ്പോര്‍ട്ട് ഉടമയുടെ ബയോമെട്രിക് ഡാറ്റയുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന വിവരങ്ങളും ഉള്‍ക്കൊള്ളുന്നതായിരിക്കും. കൂടാതെ RFID (റേഡിയോ-ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) വഴിയുള്ള അനധികൃത ഡാറ്റാ കൈമാറ്റം തടയുന്നതിനായുള്ള മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഐഡന്റിറ്റി മോഷണം, വ്യാജരേഖകള്‍ എന്നിവ തടയുന്നതിനും കാര്യക്ഷമമായ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ക്കും ഇത് സഹായിക്കും.
ഇത്തരം ചിപ്പുകളടങ്ങിയ 20,000 ഔദ്യോഗിക, നയതന്ത്ര ഇ-പാസ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ മുന്‍പ് ഇഷ്യൂ ചെയ്തിരുന്നു. ഇത് വിജയകരമായതോടെയാണ് എല്ലാ പൗരന്മാര്‍ക്കും ഇ-പാസ്‌പോര്‍ട്ട് നല്‍കാന്‍ ആലോചിക്കുന്നത്. പാസ്പോര്‍ട്ടിന്റെ മുന്‍വശത്തുള്ള ചിപ്പില്‍ ഇ-പാസ്പോര്‍ട്ടുകള്‍ക്കായുള്ള രാജ്യാന്തര അംഗീകൃത ലോഗോയുമുണ്ടാകും. വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയിലെ 36 പാസ്പോര്‍ട്ട് ഓഫീസുകളും ഇ-പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 2021-ല്‍ പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുകയോ വീണ്ടും അനുവദിക്കുകയോ ചെയ്യുന്നവര്‍ക്ക് ഇ-പാസ്പോര്‍ട്ടുകള്‍ ലഭ്യമാകുമെന്ന് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു.
ഇ-പാസ്‌പോര്‍ട്ട് സൗകര്യം വരുന്നതോടെ രാജ്യാന്തര യാത്രകള്‍ സുഗമമാകുകയും ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ പ്രോസസ്സിംഗ് വേഗത്തിലാകുകയും ചെയ്യും. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐസിഎഒ) നിശ്ചയിച്ചിട്ടുള്ള അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി, നിലവില്‍ നല്‍കുന്ന പാസ്പോര്‍ട്ടുകള്‍ നവീകരിച്ച് പുതിയ രൂപത്തിലാക്കി മാറ്റുക എന്നതാണ് സര്‍ക്കാര്‍ ഇ-പാസ്‌പോര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുകൂടാതെ, മൊബൈല്‍ ഫോണില്‍ പോലും കൊണ്ടുപോകാവുന്ന രീതിയിലുള്ള പൂര്‍ണ ഡിജിറ്റല്‍ പാസ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുക എന്നതാണ് കേന്ദ്രം ആലോചിക്കുന്ന മറ്റൊരു പദ്ധതി.

