രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെ കോവിഡ് പരിശോധനയിൽ നിന്ന് ഒഴിവാക്കി; പരിശോധനാ ചട്ടം പുറത്തിറക്കി ഐസിഎംആർ

ന്യൂഡൽഹി: രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെ കോവിഡ് പരിശോധനയിൽ നിന്ന് ഒഴിവാക്കി പുതിയ പരിശോധനാ ചട്ടം പുറത്തിറക്കി ഐസിഎംആർ. ആഭ്യന്തര വിമാന യാത്രക്കാരെയും സംസ്ഥാനാനന്തര യാത്രക്കാരെയും പരിശോധനയിൽ നിന്ന് ഒഴിവാക്കിയതായി ഐസിഎംആർ വ്യക്തമാക്കി. അടിയന്തിര ശസ്ത്രക്രിയയ്ക്കായുള്ള രോഗികൾക്കും ഗർഭിണികൾ ഉൾപ്പെടെ ലക്ഷണങ്ങൾ ഇല്ലാത്ത മറ്റ് രോഗികൾക്കും കോവിഡ് പരിശോധന നടത്തേണ്ടതില്ലെന്നും ഐസിഎംആറിന്റെ പരിശോധനാ ചട്ടത്തിൽ വ്യക്തമാക്കുന്നുണ്ട്.

കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരിൽ ഗുരുതര രോഗലക്ഷണങ്ങൾ ഉള്ളവരിലും മുതിർന്ന പൗരന്മാരിലും മാത്രം പരിശോധന നടത്തിയാൽ മതിയെന്നാണ് ഐസിഎംആറിന്റെ നിർദ്ദേശം. ചികിത്സയുടെ ആവശ്യത്തിന് വേണ്ടി ജനിതക പരിശോധന നടത്തേണ്ട ആവശ്യമില്ല. രോഗികളെ നിരീക്ഷിക്കുന്നതിന് വേണ്ടി മാത്രം ഇത്തരം പരിശോധനകൾ നടത്തിയാൽ മതി. പോസിറ്റീവ് ആയിട്ടുള്ള സാംപിളുകളിൽ ഇൻസാകോഗിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് മാത്രമേ ജനിതക പരിശോധന നടത്താവൂവെന്നും നിർദ്ദേശമുണ്ട്.