തിരഞ്ഞെടുപ്പ് പ്രചരണ വീഴ്ചകള്‍; ലീഗ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്

കൊച്ചി: മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ചേരും. നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ യോഗത്തില്‍ നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് സൂചന. കോഴിക്കോട് സൗത്ത്, കുറ്റ്യാടി മണ്ഡലങ്ങളിലെ ഭാരവാഹികള്‍ക്കെതിരെയാണ് നടപടികള്‍ക്ക് സാധ്യത.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ഇടതുപക്ഷം ജയിച്ചപ്പോള്‍ കോഴിക്കോട് സൗത്ത് , കുറ്റ്യാടി, കളമശേരി, അഴീക്കോട് എന്നീ നാല് സിറ്റിങ് സീറ്റുകള്‍ ലീഗിന് നഷ്ടപ്പെട്ടു. വിജയ പ്രതീക്ഷയുണ്ടായിരുന്ന താനൂരും നഷ്ടമായി. കൊടുവള്ളിയില്‍ എംകെ മുനീര്‍ ജയിച്ചെങ്കിലും പ്രതീക്ഷിച്ചത്ര വോട്ടും നേടാനായില്ല. തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട മണ്ഡലങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം.

അതേസമയം, അച്ചടക്ക സമിതി വീഴ്ച കണ്ടെത്തിയ കോഴിക്കോട് സൗത്ത്, കുറ്റ്യാടി മണ്ഡലങ്ങളിലെ ഭാരവാഹികള്‍ക്കെതിരെ യോഗത്തില്‍ നടപടിക്ക് സാധ്യതയുണ്ട്. കോഴിക്കോട് സൗത്തില്‍ സ്ഥാനാര്‍ഥിക്കെതിരെ മണ്ഡലം കമ്മിറ്റി പരസ്യമായി രംഗത്തെത്തിയതും പാര്‍ട്ടിക്കുള്ളില്‍ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും സ്ഥാനാര്‍ഥിയെച്ചൊല്ലി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. തിരഞ്ഞെടുപ്പ് വീഴ്ചകളെ കൂടാതെ വഖഫ് ബോര്‍ഡ് നിയമന വിവാദവും, കെ- റെയില്‍ പദ്ധതി തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.