ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ നടപടി. ഒന്നര ലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് ഞായറാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചത്. ഉന്നതതല ഉദ്യോഗസ്ഥർക്കൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല, ക്യാബിനെറ്റ് സെക്രട്ടറി രാജീവ് ഗൗബ തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു.
കൗമാരക്കാർക്കുള്ള വാക്സിൻ വിതരണം, ബൂസ്റ്റർ ഡോസ് വിതരണം തുടങ്ങിയ വിഷയങ്ങളെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. ഡിസംബർ 24 നാണ് അവസാനമായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ചേർന്നത്. കോവിഡിനെതിരെയുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നും രോഗബാധ തടയാൻ ജാഗരൂകരായിരിക്കണമെന്നും കഴിഞ്ഞ യോഗത്തിൽ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചിരുന്നു.
അതേസമയം രാജ്യത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 3600 കടന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

