ഡീലിറ്റ് വിവാദം: ദളിത് കുടുംബത്തില്‍ ജനിച്ചതാണോ രാഷ്ട്രപതിക്ക് വിസി കാണുന്ന അയോഗ്യത?’; രൂക്ഷ വിമര്‍ശനവുമായി വി. മുരളീധരന്‍

കോഴിക്കോട്: ഡീലിറ്റ് വിഷയത്തില്‍ കടുത്ത വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി. മുരളീധരന്‍. രാഷ്ട്രപതിയെ ആദരിക്കാനാവില്ലെന്ന് വ്യക്തമാക്കി കത്ത് നല്‍കിയ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നാടിന് അപമാനമാണെന്ന് മുരളീധരന്‍ പറഞ്ഞു.

വി. മുരളീധരന്റെ വാക്കുകള്‍

‘ഏത് രാഷ്ട്രീയ യജമാനന്റെ മനസാണ് വി.സി വെള്ളക്കടലാസില്‍ കോറിയിട്ടത്? ദളിത് കുടുംബത്തില്‍ ജനിച്ചതാണോ രാംനാഥ് കോവിന്ദിന് മഹാദേവന്‍ പിള്ള കാണുന്ന അയോഗ്യത. സിന്‍ഡിക്കേറ്റ് അംഗങ്ങളോട് ഫോണില്‍ വിളിച്ച് അഭിപ്രായം തേടുന്നത് ഏത് ചട്ടപ്രകാരമാണെന്നും മഹാദേവന്‍ പിള്ള വ്യക്തമാക്കണം. സിന്‍ഡിക്കേറ്റ് യോഗം വിളിക്കാതെ കടലാസില്‍ കുത്തിക്കുറിച്ച് കത്തുനല്‍കാന്‍ ഇദ്ദേഹത്തിന് ആരാണ് അധികാരം നല്‍കിയത്?

ഞാനൊന്നുമറിഞ്ഞില്ലേ എന്ന തട്ടിപ്പ് ഉന്നത വിദ്യാഭ്യാസ മന്ത്രി അവസാനിപ്പിക്കണം. റോളൊന്നുമില്ലെങ്കില്‍ ഈ വി സിയെ പുറത്താക്കണമെന്ന് ചാന്‍സലറോട് ആവശ്യപ്പെട്ട് ഒരു കത്തെഴുതാന്‍ ശ്രീമതി ബിന്ദു തയ്യാറാകണം. ഇന്നും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കുഴലൂത്തുനടത്തുകയാണ് വി ഡി സതീശന്‍ ചെയ്യുന്നത്. പ്രഥമപൗരനെ അവഹേളിച്ചതുവഴി ഈ രാജ്യത്തെയാണ് മഹാദേവന്‍ പിള്ളയും അയാളുടെ രാഷ്ട്രീയ മേലാളന്‍മാരും അവഹേളിച്ചത്. അക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങള്‍ തയ്യാറാവണം.’

അതേസമയം, രാഷ്ട്രപതിയുടെ ഡിലിറ്റ് വിവാദത്തെ രാഷ്ട്രീയമായി തന്നെ പ്രതിരോധിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. വിവാദത്തില്‍ വിസിയുടെ ഗവര്‍ണര്‍ക്കുള്ള കത്ത് പുറത്തായതോടെയാണിത്. വിഷയത്തില്‍ രാജ്ഭവന്റെ വിശ്വാസ്യത ചോദ്യംചെയ്ത് സിപിഎം രംഗത്തെത്തി.