ആഗോളതലത്തില്‍ തന്നെ പ്രേക്ഷകശ്രദ്ധ നേടി ജൈത്രയാത്ര തുടരുകയാണ് സൂപ്പര്‍ ഹീറോ ചിത്രം ‘മിന്നല്‍ മുരളി’. നെറ്റ്ഫ്‌ലിക്‌സിന്റെ ഗ്ലോബല്‍ ഹിറ്റ് ലിസ്റ്റിലും മിന്നല്‍ മുരളി ഇടം നേടിയിട്ടുണ്ട്. സിനിമ കണ്ട് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ നേരിട്ട് ടൊവിനോ തോമസിനെ അഭിനന്ദനം അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍.
‘ഒടുവില്‍ ഇന്നലെ രാത്രി മിന്നല്‍ മുരളി കാണാനുള്ള അവസരം ലഭിച്ചു, ഒരുപാട് രസിച്ചു. വളരെ സമര്‍ത്ഥമായി നിര്‍മ്മിക്കുകയും വിനോദത്തിന്റെ അളവ് കൃത്യമായി നിലനിര്‍ത്തുകയും ചെയ്തിരിക്കുന്നു. ഒരു ക്ലട്ടര്‍ ബ്രേക്കര്‍ സൂപ്പര്‍ഹീറോ ചിത്രം. നിങ്ങളും അവിശ്വസനീയമായി ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങള്‍. സന്തോഷം,’- കരണ്‍ ജോഹര്‍ ടൊവിനോക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍ കുറിക്കുന്നു.
‘ഇതുപോലുള്ള സന്ദേശങ്ങള്‍! എല്ലാ മുക്കിലും മൂലയിലും നിന്ന് ലോകം മുഴുവന്‍ നിങ്ങളുടെ ജോലിയെ അഭിനന്ദിക്കുന്നത് എല്ലായ്പ്പോഴുമുള്ള ഒന്നല്ല. പ്രത്യേകിച്ചും കരണ്‍ ജോഹറിനെ പോലെയുള്ള, നിരവധി എന്റര്‍ടെയ്‌നറുകള്‍ നല്‍കിയിട്ടുള്ള ഒരു പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് ഞങ്ങളുടെ ജോലിയെ അഭിനന്ദിക്കുമ്പോള്‍, അത് തീര്‍ച്ചയായും അതിശയകരമായി തോന്നുന്നു. നിങ്ങള്‍ സിനിമ എത്രമാത്രം ഇഷ്ടപ്പെട്ടുവെന്ന് ഞങ്ങളെ അറിയിച്ചതിന് നന്ദി സര്‍! നിങ്ങള്‍ ഇത് നന്നായി ആസ്വദിച്ചു എന്നറിഞ്ഞതില്‍ സന്തോഷം,’ എന്ന കുറിപ്പോടെ ടൊവിനോ തന്നെയാണ് ഈ സന്തോഷം സോഷ്യല്‍ മീഡിയയയില്‍ പങ്കുവെച്ചിരിക്കുന്നത്.

