ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻ പിള്ള, എം എ ബേബി, കോടിയേരി ബാലകൃഷ്ണൻ, മണിക് സർക്കാർ തുടങ്ങിയവരും പിണറായിയോടൊപ്പം ഉണ്ടായിരുന്നു. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഹൈദരാബാദിൽ എത്തിയപ്പോഴാണ് സിപിഎം നേതാക്കൾ ചന്ദ്രശേഖര റാവുമായി കൂടിക്കാഴ്ച്ച നടത്തിയത്.
മൂന്ന് ദിവസമാണ് കേന്ദ്ര കമ്മിറ്റി യോഗം. പ്രാദേശിക പാർട്ടികളുമായുള്ള മൂന്നാം മുന്നണിയെ കുറിച്ച് കൂടിക്കാഴ്ച്ചയിൽ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. ചന്ദ്രശേഖർ റാവുവിന്റെ വസതിയിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. തെലങ്കാന മുഖ്യമന്ത്രി ഒരുക്കിയ ഉച്ച വിരുന്നിലും നേതാക്കൾ പങ്കെടുത്തു.
ഊഷ്മളമായ ആതിഥേയത്വത്തിനു അദ്ദേഹത്തോട് ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നതായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പിണറായി വിജയൻ പ്രതികരിച്ചു. കേരളത്തിലേക്ക് നിക്ഷേപം ക്ഷണിക്കാൻ വ്യവസായികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ഐടി, ഫാർമസി, ഇലക്ട്രോണിക് കമ്പനികളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.

