കോടതികളിൽ കേസുകൾ കെട്ടി കിടക്കുന്ന അവസ്ഥ മാറണം; എല്ലാവർക്കും നീതി എളുപ്പമാക്കണമെന്ന് കിരൺ റിജിജു

കൊച്ചി: കോടതികളിൽ കേസുകൾ കെട്ടി കിടക്കുന്ന അവസ്ഥ മാറണമെന്ന് കേന്ദ്ര നിയമ-നീതിന്യായ വകുപ്പ് മന്ത്രി കിരൺ റിജിജു. നീതി അതിവേഗം അർഹരായവരിലേക്ക് എത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഡിജിറ്റൽ യുഗത്തിൽ കോടതികളും വേഗത്തിൽ തീരുമാനം എടുക്കേണ്ടതുണ്ട്. എല്ലാവർക്കും നീതി എളുപ്പമാക്കണം. നീതി ലഭിക്കാൻ വേണ്ടി ആരും കഷ്ടപ്പെടേണ്ടി വരരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊച്ചിയിലെ കളമശ്ശേരിയിലുള്ള ദേശീയ നിയമ സർകലാശാലയായ നുവാൽസിൽ പതിനഞ്ചാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബി എ എൽ എൽ ബി റാങ്കുകാർക്കുള്ള സ്വർണ്ണമെഡലും എൻഡോവ്‌മെന്റ് അവാർഡുകളും കേന്ദ്ര മന്ത്രി വിതരണം ചെയ്തു.

ജുഡീഷ്യറിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര മന്ത്രിസഭ 9000 കോടി രൂപയുടെ അനുമതി നൽകിയിട്ടുണ്ട്. ജഡ്ജിമാരുടെ ഒഴിവുകളിൽ വൈകാതെ നിയമനം നടക്കും. കോളേജിയവും കേന്ദ്ര സർക്കാരും അതിനായി ഒന്നിച്ച് ചേർന്ന് പ്രവർത്തിക്കുന്നെണ്ടെന്നും മന്ത്രി പറഞ്ഞു.