ആരോഗ്യവകുപ്പിലെ ഫയലുകള്‍ കാണാതായ സംഭവം; അന്വേഷണമാരംഭിച്ച് പോലീസ്

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ അഞ്ഞൂറോളം ഫയലുകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഫയലുകളാണ് കാണാതായതെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം.

മരുന്നിടപാടുകളുടേതടക്കമുള്ള ഫയലുകള്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്ന വിവരം. ആരോഗ്യ വകുപ്പ് ആസ്ഥാനത്തെ നവീകരണവുമായി ബന്ധപ്പെട്ട് ഈ ഫയലുകള്‍ അടങ്ങുന്ന അലമാര മറ്റൊരു ഭാഗത്തേക്ക് മാറ്റിയിരുന്നു, എന്നാല്‍, അന്നൊന്നും ഫയലുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ജീവനക്കാര്‍ നല്‍കുന്ന വിവരം.

അതേസമയം, ജീവനക്കാരുടെ അറിവില്ലാതെ ഫയലുകള്‍ മാറ്റാനാവില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മോഷണ സാധ്യതയില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.