കോവിഡിന്റെ മൂന്നാം തരംഗത്തിന് സാധ്യത; രാജ്യത്ത് നാലു മുതൽ എട്ടുലക്ഷം വരെ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. നാലു മുതൽ എട്ടുലക്ഷം വരെ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

കോവിഡ് വ്യാപനം ജനുവരി മാസം അവസാനത്തോടെ രൂക്ഷമാകുമെന്ന് ഐ.ഐ.ടി കാൺപൂരിലെ പ്രഫസറായ മനീന്ദ്ര അഗർവാൾ അറിയിച്ചു. കർശന ലോക്ക് ഡൗൺ നടപടികൾ കാരണം മൂന്നാം തരംഗം സംഭവിക്കുന്നത് വൈകിയേക്കാമെന്നും അദ്ദേഹം പറയുന്നു. ഡൽഹിയിലും മുംബൈയിലും ഒമിക്രോണിനെ തുടർന്നുള്ള കോവിഡിന്റെ തീവ്രവ്യാപനം ജനുവരി പകുതിയോടെയെത്തുമെന്നും പത്തുദിവസത്തിനകം ഓമിക്രോൺ വ്യാപനം രൂക്ഷമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാർച്ച് മാസത്തിന് മുൻപ് തന്നെ രാജ്യത്ത് മൂന്നാം തരംഗത്തിന് സാധ്യത കാണുന്നുണ്ട്. രണ്ടാം തരംഗത്തിൽ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ രോഗ വ്യാപനം വൈകിയെത്തിയതു പോലെ മൂന്നാം തരംഗത്തെ കണക്കാക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹിയിലും മുംബൈയിലും പ്രതിദിനം 30,000 മുതൽ 50,000 വരെ കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം ജനുവരി അവസാനത്തോടെയും ഫെബ്രുവരി ആദ്യത്തോടെയും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഏറ്റവും ഉയർന്ന നിരക്കിലെത്തുമെന്ന് നേരത്തെ ഐ.എച്ച്.എം.ഇ ഡയറക്ടർ ഡോ. ക്രിസ്റ്റഫർ മൂറേയും അറിയിച്ചിരുന്നു.