പഞ്ചാബ് സന്ദര്‍ശനത്തിലെ സുരക്ഷാ വീഴ്ച; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പഞ്ചാബ് സന്ദര്‍ശനവേളയില്‍ നേരിട്ട സുരക്ഷാ വീഴ്ചയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആശങ്ക അറിയിച്ചതിനെത്തുടര്‍ന്ന് രാഷ്ട്രപതി ഭവനില്‍ നേരിട്ടെത്തി സംഭവം വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന് രാഷ്ട്രപതി നേരത്തെ പ്രതികരിച്ചിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.

കഴിഞ്ഞ ദിവസം പഞ്ചാബില്‍ കര്‍ഷകരുടെ റോഡ് ഉപരോധത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഇരുപത് മിനിട്ടോളം ഫ്‌ളൈ ഓവറില്‍ കുടുങ്ങി. തുടര്‍ന്ന് യാത്ര പൂര്‍ത്തിയാക്കാതെ പ്രധാനമന്ത്രി മടങ്ങുകയായിരുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം വിശദീകരണം തേടി. ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും, ക്രമസമാധാന ചുമതല വഹിച്ചിരുന്ന പൊലീസ് സീനിയര്‍ സൂപ്രണ്ട് ഹര്‍മാന്‍ ഹാന്‍സിനെ ഡി.ജി.പി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

അതേസമയം, സുരക്ഷാ വീഴ്തയെ കുറിച്ച് അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. എന്നാല്‍, സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും റാലിക്ക് ആളില്ലാതിരുന്നതു കൊണ്ടാണ് മോദിയുടെ പരിപാടി റദ്ദാക്കേണ്ടി വന്നതെന്നുമാണ് കോണ്‍ഗ്രസിന്റെയും പഞ്ചാബ് സര്‍ക്കാരിന്റെയും നിലപാട്.