തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സസ്പെൻഷനിലായ എം ശിവശങ്കർ സർവ്വീസിൽ തിരികെയെത്തി. ഒന്നരവർഷത്തിന് ശേഷമാണ് ശിവശങ്കർ തിരികെ സർവ്വീസിലേക്ക് പ്രവേശിക്കുന്നത്. ബുധനാഴ്ച്ച രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിലെത്തിയാണ് അദ്ദേഹം സർവ്വീസിൽ പ്രവേശിച്ചത്.
എന്ത് ചുമതലയാണ് ശിവശങ്കറിന് നൽകുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ ഉടൻ തീരുമാനമാകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിച്ചു സർക്കാർ ഉത്തരവിറക്കിയത്. എം ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുക്കാൻ ഉന്നതതല സമിതി നേരത്തേ സർക്കാരിന് ശുപാർശ നൽകിയിരുന്നു. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ് ശുപാർശ നൽകിയത്.
സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായുള്ള ബന്ധത്തെ തുടർന്ന് 2019 ജൂലായ് 14 നാണ് എം.ശിവശങ്കറിനെ സർവ്വീസിൽ നിന്നും സസ്പെന്റ്ഡ് ചെയ്തത്. ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ ആറ് മാസം കൂടുമ്പോൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പുനഃപരിശോധിക്കുന്ന രീതിയുണ്ട്. എന്നാൽ ശിവശങ്കറിന്റെ സസ്പെൻഷൻ രണ്ടുതവണ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. രണ്ടു വർഷത്തിലധികമായി ശിവശങ്കർ സസ്പെൻഷനിലാണ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവ്യക്തത തുടരുന്ന സാഹചര്യം പരിഗണിച്ചുകൊണ്ടാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശിവശങ്കറിനെ തിരിച്ചെടുക്കണമെന്ന ശുപാർശ നൽകിയത്.

