കെ-റെയില്‍ സര്‍വ്വേക്കല്ലുകള്‍ പിഴുതെറിയാനുറപ്പിച്ച് യുഡിഎഫ്; വീരസ്യം പറച്ചിലെന്ന് കോടിയേരി

സംസ്ഥാനത്ത് കെ-റെയില്‍ പദ്ധതിക്കെതിരെ ശക്തമായ സമരത്തിലേക്ക് പോകാനാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ നീക്കം. പദ്ധതിക്കായുള്ള സര്‍വ്വേക്കല്ലുകള്‍ പിഴുതെറിയുമെന്നാണ് ഇന്നലെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രഖ്യാപിച്ചത്. വാസസ്ഥലം നഷ്ടപ്പെടുന്നവരെ പ്രത്യേക യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനമുണ്ട്. പദ്ധതിയില്‍ സര്‍ക്കാര്‍ വാശി കാണിച്ചാല്‍ യുദ്ധ സന്നാഹത്തോടെ എതിര്‍ക്കുമെന്ന് സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. ഒരു കാരണവശാലും കെ-റെയില്‍ നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നും സമരമുഖത്തേക്ക് ജനങ്ങളെ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. പാക്കേജ് മുഖ്യമന്ത്രിയുടെ ഔദാര്യമല്ല അത് അവകാശമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

കടുത്ത നിലപാടാണ് കെപിസിസിയുടേത്. തുടക്കം മുതല്‍ ഒടുക്കം വരെ കുറ്റികള്‍ പിഴുതെറിയുമെന്നും കോണ്‍ഗ്രസിനെ വികസനം പഠിപ്പിക്കാന്‍ പിണറായി വരണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കോടതിയെ പോലും ബഹുമാനിക്കാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, കെ റെയില്‍ പദ്ധതിയുടെ സര്‍വ്വേകല്ലുകള്‍ പിഴുതു മാറ്റിയാല്‍ കേരളത്തില്‍ പദ്ധതി ഇല്ലാതാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മറുപടി നല്‍കി. യുദ്ധം ചെയ്യാനുള്ള കെല്‍പ്പ് ഒന്നും കോണ്‍ഗ്രസിനില്ല . യുദ്ധസന്നാഹമൊരുക്കുമെന്നത് വീരസ്യം പറച്ചിലാണെന്നും കോടിയേരി പറഞ്ഞു. കല്ലുകള്‍ പിഴുതു മാറ്റിയാല്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.