ഹൂസ്റ്റൻ: അമേരിക്കയിൽ കോവിഡ് വൈറസിന്റെ ജനിതക വകഭേദമായ ഒമിക്രോൺ വ്യാപനം വർധിക്കുന്നു. 10 ലക്ഷത്തിലേറെ പേർക്കാണ് തിങ്കളാഴ്ച മാത്രം അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോൺ വകഭേദമാണ് കോവിഡ് കേസുകൾ വർധിക്കാൻ കാരണമെന്നാണ് ഇആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. കോവിഡ് കേസുകൾ ഉയരുന്നുണ്ടെങ്കിലും കൂടുതൽ മരണങ്ങളോ, ഗുരുതരാവസ്ഥയോ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന ആശ്വാസത്തിലാണ് അധികൃതർ.
കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ അമേരിക്കയിൽ പലസ്ഥലങ്ങളിലും സ്‌കൂളുകൾ അടച്ചുപൂട്ടി. വീണ്ടും ഓൺലൈൻ പഠനത്തിലേക്കുള്ള ചുവടുമാറ്റത്തിന് തയ്യാറെടുക്കുകയാണ് സ്‌കൂളുകൾ.നെവാർക്ക്, അറ്റ്ലാന്റ, മിൽവാക്കി, ക്ലീവ്‌ലാൻഡ് എന്നിവയുൾപ്പെടെ പബ്ലിക് സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ താൽക്കാലികമായി വിദൂര പഠനത്തിലേക്ക് മാറിയിട്ടുണ്ട്. കൂടുതൽ സ്‌കൂളുകളിൽ ഉടൻ ഓൺലൈൻ പഠനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുകയാണെങ്കിലും ആശുപത്രിയിൽ പ്രവശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ്. രോഗികളിൽ പലരും വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്. അമേരിക്കയിൽ കോവിഡ് കേസുകളുടെ എണ്ണം ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇത്രത്തോളം വർധനവ് ഉണ്ടായിരിക്കുമെന്ന് അധികൃതർ പ്രതീക്ഷിച്ചിരുന്നില്ല. കോവിഡ് വ്യാപനം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ലോകരാജ്യങ്ങളിൽ ഉണ്ടാകുന്ന ഏറ്റവും ഉയർന്ന നിരക്കാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

