ന്യൂഡൽഹി: 15 മുതൽ 18 വയസു വരെയുള്ളവരുടെ വാക്സിനേഷന് തുടക്കം കുറിച്ച് രാജ്യം. മുപ്പത് ലക്ഷത്തോളം കൗമാരക്കാരാണ് ആദ്യ ദിവസം വാക്സിൻ സ്വീകരിച്ചത്. നാല്പത്തി നാല് ലക്ഷത്തിലധികം പേരാണ് വാക്സിന് വേണ്ടി കൊവിൻ പോർട്ടൽ വഴി ഇതുവരെ രജിസ്റ്റർ ചെയ്തത്. ഡൽഹി ഉൾപ്പടെയുള്ള നഗരങ്ങളിൽ രാവിലെ 9 മണി മുതൽ വാക്സിനേഷൻ ആരംഭിച്ചു. 157 കേന്ദ്രങ്ങളാണ് ഡൽഹിയിൽ മാത്രം സജ്ജീകരിച്ചിരിക്കുന്നത്. 15 നും 18നും ഇടയിൽ പ്രായമുള്ള പത്ത് കോടിയോളം പേർക്കാണ് ഇന്ന് മുതൽ വാക്സിൻ നൽകാൻ ആരംഭിച്ചത്.
നാലാഴ്ച്ച ഇടവേളയിലാണ് കൊവാക്സിൻ നൽകുന്നത്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും രജിസ്ട്രേഷൻ നടത്താം. കൗമാരക്കാർക്ക് വാക്സിൻ നൽകി തുടങ്ങിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നന്ദി അറിയിച്ചു. കൗമാരക്കാരിലെ വാക്സിനേഷൻ ആരംഭിച്ച പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ ഡോസ് കൊവാക്സീൻ നൽകുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 1700 ആയി ഉയർന്നു. തെരഞ്ഞടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വാക്സിനേഷൻ നിരക്ക് കൂട്ടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

