തിരുവനന്തപുരം: സംസ്ഥാനത്തെ ആറു നഗരങ്ങളെ അവയുടെ സവിശേഷതകളുടെ പേരിൽ ബ്രാൻഡ് ചെയ്യാനൊരുങ്ങുന്നു. തിരുവനന്തപുരം, കൊല്ലം, തൃശൂർ, കൊച്ചി, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ നഗരങ്ങളെയാണ് സവിശേഷതകളുടെ പേരിൽ ബ്രാൻഡ് ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്ക് ഭരണകാര്യങ്ങളിൽ പരിശീലനം നൽകുന്ന കിലയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വികസനം, സഹകരണം, പൈതൃകം, സംസ്‌കാരം എന്നിവ ഇത്തരത്തിൽ പരിപോഷിപ്പിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരുവനന്തപുരത്തെ സമാധാന നഗരമായിട്ടാണ് ( സിറ്റ് ഒഫ് പീസ്) ബ്രാൻഡ് ചെയ്യുന്നത്.
തലസ്ഥാന നഗരി, മതസൗഹാർദ്ദം, ഉയർന്ന ജനസംഖ്യ, അനുദിനം വികസനം എന്നിവ കണക്കിലെടുത്താണ് തീരുമാനം. ജില്ലയിലെ ക്രമസമാധാനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സുരക്ഷ, വാണിജ്യം, കല, വിനോദം, പരിസ്ഥിതി, ഭരണസംവിധാനം എന്നിവ മെച്ചപ്പെടുത്തുന്ന രീതിയിലാകും ജില്ലയെ ബ്രാൻഡ് ചെയ്യുക. ജൈവ വൈവിദ്ധ്യ നഗരമായിട്ടാണ് കൊല്ലം ജില്ലയെ ബ്രാൻഡ് ചെയ്യുന്നത്. അഷ്ടമുടി, ശാസ്താംകോട്ട കായലുകൾ, കല്ലടയാറ്, കണ്ടൽകാടുകൾ ഇവയുടെ സംരക്ഷണവും സർക്യൂട്ടിലുണ്ട്. കൊച്ചി രൂപകൽപ്പനയുടെ നാടാണ്. മെട്രോ നഗരം, വ്യാപാര, വ്യവസായ കേന്ദ്രം, ഭൂമിക്ക് പൊന്നുവില, ഫ്‌ളാറ്റ് സമുച്ചയങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുതിയ പേര് നൽകിയിരിക്കുന്നത്.
പഠന നഗരമായിട്ടാണ് തൃശൂരിനെ കണക്കാക്കിയിരിക്കുന്നത്. സാഹിത്യനഗരമായാണ് കോഴിക്കോടിനെ ബ്രാൻഡ് ചെയ്തിരിക്കുന്നത്. വായനശാലകൾ ഏറ്റവും കൂടുതലുള്ള നഗരം. മലബാർ ടൂറിസം സർക്യൂട്ട്, ലിറ്റററി ഫെസ്റ്റിവൽ തുടങ്ങിയവയെല്ലാം കോഴിക്കോട് ജില്ലയിലുണ്ട്.

