പെഗാസെസ് ഉപയോഗിച്ച് മൊബൈലുകൾ ചോർത്തിയതായി സംശയം ഉള്ളവർക്ക് സമീപിക്കാം; സുപ്രീം കോടതി നിയോഗിച്ച സാങ്കേതിക സമിതി

ന്യൂഡൽഹി: പെഗാസെസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് തങ്ങളുടെ മൊബൈലുകൾ ചോർത്തിയതായി സംശയം ഉള്ളവർക്ക് സമീപിക്കാം. സുപ്രീം കോടതി നിയോഗിച്ച സാങ്കേതിക സമിതിയാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളെ സമീപിച്ച് എല്ലാ വിവരങ്ങളും കൈമാറണമെന്ന് സമിതി വ്യക്തമാക്കി.

കഴിഞ്ഞ ഒക്ടോബറിലാണ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആർവി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ടെക്‌നിക്കൽ അന്വേഷണ സമിതി രൂപീകരിച്ചത്. റോ മുൻ മേധാവി അലോക് ജോഷി, ഡോ. സുദീപ് ഒബ്രോയ്, ഡോ. നവീൻ കുമാർ ചൗധരി, ഡോ.പി. പ്രബാഹരൻ, ഡോ. അശ്വിൻ അനിൽ ഗുമസ്‌തെ തുടങ്ങിയവരും സമിതിയിലുണ്ട്. ജനുവരി ഏഴിന് മുൻപ് പരാതികൾ ഉണ്ടെങ്കിൽ അറിയിക്കണമെന്നാണ് സമിതി നൽകിയിരിക്കുന്ന നിർദ്ദേശം.

പെഗാസെസ് വഴി ഫോൺ ചോർത്തിയെന്ന് സംശിയിക്കുന്നവർ ഇ-മെയിൽ മുഖേന പരാതി നൽകണം. ഈ പരാതിയിൽ എന്തുകൊണ്ടാണ് ഇത്തരത്തിൽ സംശയിക്കുന്നതെന്ന കാര്യം വ്യക്തമാക്കണം. പരാതികളിൽ കഴമ്പുണ്ടെന്ന് തോന്നിയാൽ, ഡിവൈസുകൾ പരിശോധിക്കുമെന്ന് സമിതി പറഞ്ഞു. ഫോണുകൾ ശേഖരിക്കുന്നതിനായി ഡൽഹിയിൽ കേന്ദ്രം ആരംഭിക്കാനും തീരുമാനിച്ചു.