തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളിൽ എതിർപ്പുമായി കോൺഗ്രസ്. ചാൻസലറുടെ ചുമതല നിർവഹിക്കാത്ത ഗവർണറെ നിയമപരമായി നേരിടുമെന്നാണ് കോൺഗ്രസ് അറിയിക്കുന്നത്. നിയമവിരുദ്ധമായാണ് ഗവർണർ നിലപാടുകൾ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. ഹൈക്കോടതി നോട്ടീസ് സ്വീകരിക്കാത്തത് നിയമവിരുദ്ധമാണെന്നും നിയമപരമായ നടപടികൾ പൂർത്തിയാക്കേണ്ടതിന് പകരം കുട്ടികളെപ്പോലെയാണ് ഗവർണർ സംസാരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചാൻസലർ പദവി ഏറ്റെടുക്കാൻ നിയമപരമായി ബാധ്യതയുള്ള ആളാണ് ഗവർണർ. നിയമനിർമാണസഭ പാസാക്കിയ നിയമം അനുസരിച്ച് അദ്ദേഹം ഇപ്പോൾ ചാൻസലറാണ്. ആ പദവി ഏറ്റെടുക്കില്ലെന്ന് പറയാൻ ഗവർണർക്ക് അധികാരമില്ലെന്നും നിയമവിരുദ്ധമായാണ് അദ്ദേഹം സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
അതേസമയം ഗവർണറിനെതിരെ മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ചാൻസലർ പദവി ഗവർണ്ണർ ഒഴിയുന്നത് സർവ്വകലാശാലകളുടെ സ്വാതന്ത്രവും സുതാര്യവുമായ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ വിസി നിയമനത്തിൽ തനിക്ക് പറ്റിയ തെറ്റ് തിരുത്താൻ ഗവർണർ തയ്യാറാവുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താൻ ചാൻസലർ പദവിയിൽ തുടരില്ല എന്ന വാദം തെറ്റായി അംഗീകരിച്ച വിസി നിയമനത്തെ ന്യായീകരിക്കാൻ മാത്രമേ സഹായിക്കുയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
നിയമസഭ പസ്സാക്കിയ നിയമത്തിലൂടെ സ്ഥാപിതമായ ചാൻസലർ പദവി ഗവർണ്ണർ പൊടുന്നനെ വേണ്ടെന്നു വെയ്ക്കുന്നത് സർവകലാശാലയെ ഭരണ പ്രതിസന്ധിയിലേക്ക് നയിക്കും. വിസി നിയമന കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് കത്ത് എഴുതിയത് തെറ്റാണെന്നു ഗവർണ്ണർ നിരവധി തവണ പറഞ്ഞിട്ടും കത്ത് എഴുതിയതിനെ ന്യായീകരിച്ച മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രിയോട് ഗവർണ്ണർ ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

