കൊച്ചി: സംസ്ഥാനത്തെ ആദിവാസി വിഭാഗത്തിലുള്ളവരുടെ കൈവശമുള്ള ഭൂമിക്ക് ആറു മാസത്തിനകം പട്ടയം നല്‍കാനുള്ള തീരുമാനം നടപ്പാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.
കേരള ഭൂ പതിവ് ചട്ടപ്രകാരം മറ്റുള്ളവര്‍ക്ക് പട്ടയം നല്‍കിയപ്പോള്‍ ആദിവാസി വിഭാഗത്തിലുള്ളവര്‍ക്ക് കൈവശരേഖ മാത്രമാണ് നല്‍കിയതെന്ന് നേരത്തേ പരാതിയുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് 2017 ഏപ്രില്‍ 24ന് കൈവശാവകാശ രേഖ റദ്ദാക്കി ഈ വിഭാഗത്തിന് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. സുപ്രീം കോടതി അനുമതി ലഭിച്ച 19,000 ഏക്കര്‍ നിക്ഷിപ്ത വനഭൂമിയില്‍ നിന്ന് മിച്ചം വരുന്ന ഭൂമി വീടില്ലാത്ത ആദിവാസികള്‍ക്ക് അനുവദിക്കാനുള്ള നടപടികള്‍ക്കായി റവന്യൂ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ ഉത്തരവില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നാണ് ഹര്‍ജിക്കാരുടെ പരാതി.
വിതുരയിലെ ആദിവാസി കാണിക്കാര്‍ സംയുക്ത സംഘം സമര്‍പ്പിട്ട ഹര്‍ജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഇന്ന് ഉത്തരവിട്ടത്. 2017ലെ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന വിഷയം നടപ്പാക്കണമെന്നും അത് സത്യവാങ്മൂലത്തിലൂടെ അറിയിക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍, ഉത്തരവ് നടപ്പാക്കുന്നത് ആരംഭിച്ചെന്നും പൂര്‍ത്തിയാക്കാന്‍ സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

