തിരുവനന്തപുരം: സംസ്ഥാനത്തെ കെ-റെയില്‍ പദ്ധതിക്ക് വേണ്ടി സിസ്ട്ര എന്ന സ്വകാര്യ സ്ഥാപനം തയ്യാറാക്കിയ ഡിപിആര്‍ ന്റെ വിശദാംശങ്ങള്‍ പുറത്ത്. ഒരു വര്‍ഷം മുമ്പാണ് റിപ്പോര്‍ട്ട് കെ-റെയിലിന് കൈമാറിയത്.
സംസ്ഥാനത്ത് നിലവിലുള്ള റെയില്‍വേ സംവിധാനം ഇവിടുത്തെ ജനസംഖ്യയെ സംബന്ധിച്ച് അപര്യാപ്തമാണെന്നാണ് ഡിപിആറിലെ വിശദീകരണം. പദ്ധതിക്ക് 1222.45 ഹെക്ടര്‍ ഭൂമി വേണ്ടി വരും. എന്നാല്‍, ഇതില്‍ 1074.19 ഹെക്ടര്‍ ഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുക്കേണ്ടതാണ്. 107.98 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയും റെയില്‍വേയുടെ കൈവശമുള്ള 44.28 ഹെക്ടര്‍ ഭൂമിയും പദ്ധതിക്കായി ആവശ്യം വരും.
പാതയില്‍ 11.5 കിലോമീറ്ററുകള്‍ തുരങ്കങ്ങളാകും. 13 കിലോമീറ്ററോളം പാലങ്ങളും പാതയിലുണ്ടാകും. തറനിരപ്പിന് മുകളിലൂടെ 88.412 കിലോമീറ്ററും തറനിരപ്പിലൂടെ 292.728 കിലോമീറ്ററും കടന്നുപോകുന്നു. മലകള്‍ തുരന്നും കുന്നുകള്‍ നികത്തിയും പാത കടന്നുപോകുന്നുണ്ട്. ചെലവ് കുറക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. പാതയുടെ 190 കിലോമീറ്റര്‍ ഗ്രാമങ്ങളിലൂടെയും 88 കിലോമീറ്റര്‍ വയല്‍-തണ്ണീര്‍ത്തടങ്ങളിലൂടെയാകും കടന്നുപോകുക. ചെറിയ നഗരങ്ങളിലൂടെ 50 കിലോമീറ്ററും വലിയ അല്ലെങ്കില്‍ ഇടത്തരം നഗരങ്ങളിലൂടെ 40 കിലോമീറ്ററും കടന്നുപോകുന്നു. കൊച്ചി നഗരത്തിലൂടെ മൂന്ന് കിലോമീറ്ററും പാത കടന്നുപോകുന്നു. 60 കിലോമീറ്റര്‍ റെയില്‍വേയുടെ ഭൂമിയിലൂടെയാകും പോകുന്നതെന്നും ഡിപിആറില്‍ വ്യക്തമാക്കുന്നു.

