കെ റെയിൽ പദ്ധതിയിൽ ശശി തരൂർ യുഡിഎഫ് നിലപാടിനൊപ്പം; പിന്തുണയുമായി വി ഡി സതീശൻ

തിരുവനന്തപുരം: ശശി തരൂർ എംപിയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ റെയിൽ പദ്ധതിയിൽ ശശി തരൂർ യുഡിഎഫ് നിലപാടിനൊപ്പമാണെന്ന് വി ഡി സതീശൻ വ്യക്തമാക്കി. കെ റെയിൽ പദ്ധതിയിൽ സർക്കാരിനെ പിന്തുണച്ചതിന് വിവാദത്തിലായിരിക്കുകയാണ് ശശി തരൂർ. കഴിഞ്ഞ ദിവസം കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ ശശി തരൂരിനെ പരസ്യമായി ശാസിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശശി തരൂരിന് പിന്തുണയുമായി വി ഡി സതീശൻ രംഗത്തെത്തിയത്.

കെ റെയിൽ പദ്ധതി സംബന്ധിച്ച് യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാണെന്ന് തരൂർ തനിക്ക് മറുപടി നൽിയെന്നാണ് വി ഡി സതീശൻ വ്യക്തമാക്കുന്നത്. കെ റെയിൽ തട്ടിപ്പാണെന്നും തട്ടിക്കൂട്ടിയ പദ്ധതിയാണെന്നും അദ്ദേഹം വിമർശിച്ചു. കെ റെയിൽ കല്ലിടരുതെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാൽ ഹൈക്കോടതിയെ വരെ ഗവൺമെന്റ് പരിഹസിക്കുകയാണ്. സർവേ നടത്താതെ, എസ്റ്റിമേറ്റ് റിപ്പോർട്ട് ഇല്ലാതെ, പാരിസ്ഥിതിക പഠനം നടത്താതെ സാമൂഹിക ആഘാത പഠനം നടത്താതെ കേന്ദ്ര ഗവൺമെന്റിന്റെ അനുമതിയില്ലാതെ, റയിൽവെയുടെ അനുമതിയില്ലാതെ എങ്ങോട്ടാണ് മുഖ്യമന്ത്രി പദ്ധതിയുമായി പോകുന്നതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

അതേസമയം തരൂരിനെ നിയന്ത്രിക്കണമെന്ന് മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.. ശശി തരൂരിനെ നിയന്ത്രിക്കേണ്ടത് അഖിലേന്ത്യ കോൺഗ്രസ് നേതൃത്വം ആണ്. ഇക്കാര്യത്തിൽ നേതൃത്വം ഇടപെടണം. സാധാരണ കോൺഗ്രസ് പ്രവർത്തകർ രാവും പകലും കഷ്ടപ്പെട്ടാണ് ശശി തരൂരിനെ വിജയിപ്പിച്ചതെന്നും ശശി തരൂർ പാർട്ടിയെ മറന്നു കൊണ്ട് അഭിപ്രായം പറയാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.