തിരുവനന്തപുരം: വാളയാർ കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. വാളയാർ സഹോദരിമാരുടേത് ആത്മഹത്യയാണെന്നും നിരന്തര ശാരീരിക പീഡനത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നുമാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് പാലക്കാട് പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പൊലീസ് പിടികൂടിയ പ്രതികൾ തന്നെയാണ് യഥാർത്ഥ കുറ്റവാളികൾ തന്നെയെന്നുമാണ് സിബിഐ കണ്ടെത്തി.
വി. മധു, ഷിബു, എം. മധു എന്നിവരാണ് വാളയാറിൽ മരിച്ച ഒന്നാമത്തെ പെൺകുട്ടിയുടെ മരണത്തിൽ പ്രതികൾ. രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിൽ വി. മധുവും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമാണ് പ്രതികളെന്നും സിബിഐ വ്യക്തമാക്കുന്നു. ബലാത്സംഗം, ആത്മഹത്യാ പ്രേരണ, പോക്സോ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. അതേസമയം സിബിഐ റിപ്പോർട്ട് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് വാളയാർ സമര സമിതി നേതാവ് സി.ആർ നീലകണ്ഠൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഒന്നുകിൽ സിബിഐ ഗൗരവമല്ലാത്ത അന്വേഷണമാണ് നടത്തിയത്. അല്ലെങ്കിൽ ആദ്യമേ സംശയിക്കുന്നത് പോലെ കേസിൽ അട്ടിമറി നടന്നിട്ടുണ്ടാകുമെന്നും കുറ്റപത്രം പഠിച്ച ശേഷം ഹൈക്കോടതിയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ സിബിഐ അന്വേഷണം ശരിയായി നടന്നിരുന്നെങ്കിൽ കൊലപാതകമാണെന്ന് തെളിയുമായിരുന്നെന്നും വാളയാർ കുട്ടികളുടെ അമ്മ പറഞ്ഞു. കേസന്വേഷണത്തിൽ പൊലീസ് ചെയ്ത തെറ്റ് തന്നെയാണ് സിബിഐയും ആവർത്തിച്ചതെന്നും അവർ കുറ്റപ്പെടുത്തി.

