ന്യൂഡൽഹി: മദർ തെരേസ രൂപീകരിച്ച മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് കേന്ദ്ര സർക്കാർ. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ഇക്കാര്യം അറിയിച്ചത്. ഗുജറാത്തിലെ ഒരു ഷെൽട്ടർ ഹോമിലെ പെൺകുട്ടികളെ മതപരിവർത്തനത്തിനായി മിഷനറീസ് ഓഫ് ചാരിറ്റി നിർബന്ധിക്കുന്നത് സംബന്ധിച്ച് പരാതി ഉയർന്നിരുന്നു. ഈ വിഷയത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് കേന്ദ്രം മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്.
ക്രിസ്തുമസിൽ ഇത്തരമൊരു വാർത്ത കേട്ടത് ഞെട്ടൽ ഉളവാക്കിയെന്നാണ് മമത ബാനർജിയുടെ പ്രതികരണം. നിയമം നടപ്പിലാക്കേണ്ടത് അനിവാര്യമാണെങ്കിലും മനുഷ്യത്വപരമായ കാര്യങ്ങളിൽ തടസമുണ്ടാകരുതെന്നും മമത ബാനർജി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ കേന്ദ്രസർക്കാർ 22,000 രോഗികളെയും ജീവനക്കാരെയും പട്ടിണിയിലാക്കിയെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.

