ന്യൂഡൽഹി: കോവിഡ് വൈറസിന്റെ ജനിതക വകഭേദമായ ഒമിക്രോണിനെ നേരിടാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വാക്‌സിനേഷൻ 140 കോടി ഡോസ് പിന്നിട്ടത് ഓരോ ഇന്ത്യാക്കാരന്റെയും വിജയമാണ്. പ്രതിസന്ധി ഘട്ടത്തിൽ രാജ്യം ഒന്നിച്ച് നിന്നുവെന്നും പുതുവർഷത്തിൽ കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹെലികോപ്ടർ അപകടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്തിനെയും വരുൺ സിംഗിനെയും അദ്ദേഹം അനുസ്മരിക്കുകയും ചെയ്തു. അസാദ്ധ്യമായത് ചെയ്ത് കാണിച്ച ധീരസൈനികനായിരുന്നു വരുൺ സിംഗെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഭാരതമാതാവിന്റെ മഹിമ വാനോളം ഉയർത്താൻ എന്നും വീരന്മാർ പ്രയത്നിക്കുകയാണ്. അവർ നമ്മെ നിരവധി കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. വരുണിന്റെ ജീവിതവും നമുക്ക് ഒരു പാഠപുസ്തകമാണെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.

