കാര്‍ഷിക നിയമങ്ങളില്‍ തല്‍ക്കാലം ഒരടി പിന്നോട്ട് വച്ചെന്ന വിവാദ പരാമര്‍ശം; വിശദീകരണവുമായി കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമര്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവരുമെന്ന് താന്‍ പറഞ്ഞതായി തെറ്റായ പ്രചാരണം നടക്കുകയാണെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. ‘സ്വാതന്ത്ര്യം കിട്ടി എഴുപത് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിപ്ലവകരമായ തീരുമാനമാണ് കാര്‍ഷിക നിയമങ്ങള്‍. കര്‍ഷക നന്മയെ കരുതി കൊണ്ടുവന്ന നിയമങ്ങള്‍ പക്ഷേ ചിലര്‍ക്ക് ഇഷ്ടമായില്ല. സര്‍ക്കാരിന് നിരാശയില്ല. തല്‍ക്കാലം ഒരടി പിന്നോട്ട് വച്ചെന്നും കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലായതിനാല്‍ അവര്‍ക്കായി മുന്‍പോട്ട് വരുമെന്നുമായിരുന്നു’ കൃഷിമന്ത്രിയുടെ വിവാദ പരാമര്‍ശം.

2020 സെപ്റ്റംബറിലാണ് രാജ്യത്തെ കര്‍ഷകര്‍ക്കെതിരെ വിവാദ കര്‍ഷകനിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുകയും കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികള്‍ വളയുകയും ചെയ്തു. കര്‍ഷകരെ അനുനയിപ്പിക്കാന്‍ പല തവണ കേന്ദ്രം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കര്‍ഷകര്‍ക്കിടയിലേക്ക് വണ്ടി ഇടിച്ചുകയറ്റി നടത്തിയ കൂട്ടക്കൊല രാജ്യത്തെ പ്രക്ഷോഭം ആളിക്കത്തുകയും ചെയ്തു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് എംപിമാര്‍ക്ക് നല്‍കിയ കുറിപ്പില്‍ നിയമങ്ങളെ കൃഷിമന്ത്രി ശക്തമായി പിന്തുണച്ചിരുന്നു. പുതിയ കാര്‍ഷിക രീതികളിലേക്ക് കര്‍ഷകര്‍ തിരിയണമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും പ്രചാരണ റാലികളില്‍ പ്രധാനമന്ത്രിയും ആവര്‍ത്തിക്കുന്നുണ്ട്.