തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുമായി എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുമ്പോഴും ഇടതു ചേരിയിൽ ഭിന്നത രൂക്ഷമാകുന്നു. ജനങ്ങളുമായി ചർച്ചചെയ്യാതെ മുന്നോട്ട് പോകുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിമർശനം. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടത് സംഘടനയായ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉയർത്തുന്ന വിയോജിപ്പുകൾ പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.
ജനാധിപത്യ വിരുദ്ധമായി കേരളത്തിൽ അങ്ങോളമിങ്ങോളം കല്ലുകൾ നാട്ടി അതിർത്തി നിർണയിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് കെ.റെയിൽ അധികാരികളും കേരള സർക്കാറും പിൻവാങ്ങണമെന്നും പരിഷത്ത് പ്രസിഡന്റ് ഒ.എം. ശങ്കരൻ, ജനറൽ സെക്രട്ടറി പി.ഗോപകുമാർ എന്നിവർ അറിയിച്ചു. എൽ.ഡി.എഫ് സർക്കാർ അഭിമാന പദ്ധതിയായി കണക്കാക്കുന്ന കെ. റെയിലിനെതിരെ നിലപാട് കർക്കശമാക്കിയാണ് ഇടത് അനുകൂല ജനകീയ ശാസ്ത്ര സംഘടനയായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത് വന്നത് റെയിൽവേ ലൈനിന്റെ അലൈന്മെന്റ് കൃത്യമായി നിർണയിക്കുകയോ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട്, പാരിസ്ഥിതിക ആഘാത പഠനം, സാമൂഹിക ആഘാത പഠനം തുടങ്ങിയവ ജനങ്ങൾക്കിടയിൽ ചർച്ച നടത്തുകയോ ചെയ്തിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
വിദേശ ഫണ്ടിങ് ഏജൻസികളിൽ നിന്ന് വായ്പ ലഭിക്കാനാണ് തിരക്കിട്ട് അതിർത്തി നിർണയിക്കുന്നതെന്ന കെ. റെയിൽ അധികാരികളുടെ വിശദീകരണം പ്രതിഷേധാർഹമാണ്. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതും സാമൂഹിക നീതിക്ക് ഊന്നൽ നൽകുന്നതുമാണ് കേരളം അനുവർത്തിച്ചു വരുന്ന വികസന സമീപനം. ഈ സമീപനത്തെയാണ് കേരള വികസന മാതൃകയായി കണക്കാക്കുന്നത്. ഇതിനകം ലഭ്യമായ വസ്തുതകളും വിവരങ്ങളും വെച്ച് പരിശോധിക്കുമ്പോൾ കേരള വികസനത്തിനായിട്ടുള്ള പ്രവർത്തനങ്ങളിൽ ഇപ്പോൾ മുൻഗണന നൽകേണ്ട പദ്ധതിയല്ല കെ.റെയിലെന്നും പരിഷത്ത് ചൂണ്ടിക്കാട്ടുന്നു.

