കാർഷിക നിയമങ്ങൾ വീണ്ടും നടപ്പിലാക്കിയേക്കാമെന്ന് റിപ്പോർട്ട്; സൂചനകൾ നൽകി കൃഷിമന്ത്രി

മുംബൈ: കേന്ദ്രസർക്കാർ പിൻവലിച്ച മൂന്നു കാർഷിക നിയമങ്ങളും വീണ്ടും നടപ്പിലാക്കിയേക്കാമെന്ന് റിപ്പോർട്ട്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകിയത്. മഹാരാഷ്ട്രയിൽ നടന്ന ചടങ്ങിലാണ് മന്ത്രി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

സ്വാതന്ത്ര്യം ലഭിച്ച് 70 വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ വലിയ വിപ്ലവമായിരുന്നെന്ന് കൃഷിമന്ത്രി അഭിപ്രായപ്പെട്ടു. എന്നാൽ ചിലർക്ക് ആ നിയമങ്ങൾ ഇഷ്ടമായില്ല. എന്നാൽ സർക്കാരിന് അതിൽ നിരാശയില്ല. തങ്ങൾക്ക് ഒരു ചുവട് പിന്നോട്ടു വയ്‌ക്കേണ്ടി വന്നെങ്കിലും മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കർഷകരാണ് ഇന്ത്യയുടെ നട്ടെല്ലെന്നും തോമർ ചൂണ്ടിക്കാട്ടി.

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന് രണ്ട് ദിവസം മുൻപായി എം പിമാർക്ക് നൽകിയ സർക്കാർ കുറിപ്പിൽ നിയമങ്ങളെ അനുകൂലിക്കുന്ന നിലപാടായിരുന്നു തോമറിന്റേത്. കർഷകരുടെ നില മെച്ചപ്പെടുത്തുന്നതിനായാണ് സർക്കാർ നിയമങ്ങൾ രൂപീകരിച്ചതെന്നും ഇവയുടെ ഗുണഫലങ്ങളെക്കുറിച്ച് കർഷകരെ ബോധ്യപ്പെടുത്താൻ പരമാവധി ശ്രമിച്ചുവെന്നുമായിരുന്നു അദ്ദേഹം അറിയിച്ചിരുന്നത്.