കൊച്ചി: കേരള ബാർ കൗൺസിൽ അഴിമതിയിൽ സിബിഐ അന്വേഷണത്തിന് ഉത്തരവ്. ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തലശ്ശേരി ബാർ അസോസിയേഷൻ പ്രസിഡന്റായിരുന്ന സിജി അരുൺ നൽകിയ ഹർജിയിൽ കോടതിയുടെ ഉത്തരവ്. നിലവിൽ വിജിലൻസ് അന്വേഷണം നടത്തുന്ന കേസ് ഒരുമാസത്തിനകം സിബിഐയ്ക്ക് കൈമാറണമെന്നാണ് കോടതിയുടെ നിർദ്ദേശം.
അഡ്വക്കേറ്റ് ഫെൽഫെയർ ഫണ്ടിൽ 2009 മുതൽ 2013 വരെയുള്ള കാലയളവിനിടെ ഏഴര കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് ഹർജിയിലെ ആരോപണം. വ്യാജ അഡ്വക്കേറ്റ് വെൽഫെയർ സ്റ്റാമ്പ് അടിച്ച് അഴിമതി നടത്തിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസിൽ വിജിലൻസ് അന്വേഷണം ഫലപ്രദമല്ലെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്നുമാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന മറ്റ് ആവശ്യങ്ങൾ.
കേസുമായി ബന്ധപ്പെട്ട് ബാർ കൗൺസിലിലെ അക്കൗണ്ടന്റ് ചന്ദ്രൻ, സാബു സക്കറിയ, തമിഴ്നാട് സ്വദേശി മുത്തു തുടങ്ങിയവർ നേരത്തെ അറസ്റ്റിലായിരുന്നു.

