സാമ്പത്തിക പ്രതിസന്ധിക്കിടയിലും നിയമനം; ചീഫ് വിപ്പിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ 18 പേരെ കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്‌

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോള്‍ വീണ്ടും പേഴ്‌സണല്‍ സ്റ്റാഫ് നിയമനം. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ 18 പേരെ കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇതോടെ ചീഫ് വിപ്പിന്റെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം 25 ആയി. 23,000 മുതല്‍ ഒരു ലക്ഷം വരെയാണ് പേഴ്‌സണ്‍ സ്റ്റാഫുകളുടെ ശമ്പളം.

ചീഫ് വിപ്പ് ഡോ. എന്‍ ജയരാജിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഏഴ് പേരെ കൂടാതെയാണ് 18 പേരെ കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയാണ് പുതിയ പട്ടികയിലുള്ളത്. ഇതില്‍ നാല് പേര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ എത്തിവരാണ്. സഭ സമ്മേളിക്കുന്ന സമയത്ത് നിര്‍ണായ വോട്ടെടുപ്പുകള്‍ വരുമ്പോള്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുക മാത്രമാണ് ചീഫ് വിപ്പിന്റെ ജോലി. 99 അംഗങ്ങള്ള ഭരണപക്ഷത്തിന് നിയമസഭയില്‍ ബില്ലുകളുടെ വോട്ടെടുപ്പില്‍ നിര്‍ണായ ഭൂരിപക്ഷമുള്ളതിനാല്‍ വിപ്പിന്റെ ആവശ്യവുമില്ല. ദൈനംദിനമുള്ള പ്രത്യേക ചുമതലകളൊന്നും ചീഫ് വിപ്പിനില്ല. ഈ സാഹചര്യത്തിലാണ് ഇത്രയും സ്റ്റാഫുകളെ ഉള്‍പ്പെടുത്തുന്നത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ചീഫ് വിപ്പായിരുന്ന കെ രാജന് 11 സ്റ്റാഫുകള്‍ ഉണ്ടായിരുന്നുള്ളൂ. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ചീഫ് വിപ്പായിരുന്ന പി സി ജോര്‍ജിന് പേഴ്‌സണ്‍ സ്റ്റാഫായി 30 പേര്‍ ഉണ്ടായിരുന്നു. അന്ന് പ്രതിപക്ഷം വിവാദമുണ്ടാക്കിയപ്പോള്‍ 20 ആക്കി കുറച്ചു. ആ സമയത്ത് പേഴ്‌സണ്‍ സ്റ്റാഫ് നിയമനത്തില്‍ ധൂര്‍ത്ത് ആരോപിച്ച എല്‍ഡിഎഫാണ് ഇന്ന് ചീഫ് വിപ്പിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമത്തില്‍ അനുകൂല സമീപനം കാണിക്കുന്നത്.