കൊച്ചി: പി ടി തോമസിന്റെ വിയോഗത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് കെപിസിസി. കോൺഗ്രസിന്റെ എല്ലാ പരിപാടികളും മൂന്ന് ദിവസത്തേക്ക് റദ്ദാക്കിയിരിക്കുകയാണ്. കൊച്ചിയിലാണ് പിടി തോമസിന്റെ മൃതദേഹം സംസ്‌കരിക്കുന്നത്. രാഹുൽ ഗാന്ധി അടക്കമുള്ളവർ കൊച്ചിയിലെത്തി പിടി തോമസിന് അന്തിമോപചാരം അർപ്പിക്കും.
ഡിസിസി ഓഫീസിലും കാക്കനാട് ടൗൺഹാളിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. തന്റെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്‌കരിക്കണം എന്നതായിരുന്നു പി ടിയുടെ ആഗ്രഹം. ഈ ആഗ്രഹം അദ്ദേഹം തന്റെ അടുത്ത സുഹൃത്തുക്കളോട് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. മൃതദേഹത്തിൽ പുഷ്പ്പചക്രം പാടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബുധനാഴ്ച്ച രാവിലെയാണ് പിടി തോമസ് അന്തരിച്ചത്. അർബുദത്തിന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. തൃക്കാക്കര എംഎൽഎ ആണ് പി.ടി തോമസ്. കെ പി സി സി യുടെ വർക്കിങ് പ്രസിഡന്റും, 2016 മുതൽ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗവും 2009-2014 ലോക്‌സഭയിൽ അംഗവുമായിരുന്ന കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവുമാണ് അദ്ദേഹം.
നട്ടെല്ലിൽ ക്യാൻസർ ബാധ ഉണ്ടായതിനെ തുടർന്നാണ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമന്ന നിലപാടിനെതിരെ കടുത്ത എതിർപ്പുയർന്നപ്പോഴും പി ടി ഉറച്ചു തന്നെ നിന്നിരുന്നു.

