യാത്രക്കാരുടെ വ്യാജപ്പേരിൽ മദ്യം കടത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ; കസ്റ്റംസ് സുപ്രണ്ട് ഒന്നാംപ്രതി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി യാത്രക്കാരുടെ വ്യാജപ്പേരിൽ മദ്യം കടത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. യാത്രക്കാരുടെ വ്യാജപേരിൽ ആറ് കോടി രൂപയുടെ മദ്യം ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി പുറത്തേക്ക് കടത്തിയെന്നാണ് കേസ്. കസ്റ്റംസ് സുപ്രണ്ട് ലൂക്ക് കെ ജോർജാണ് കേസിലെ ഒന്നാം പ്രതി. ഡ്യൂട്ടി ഫ്രീ കമ്പനിയായ പ്ലസ് മാക്സ് സി.ഇ.ഒ സുന്ദരവാസനും മറ്റ് രണ്ട് ജീവനക്കാരുമാണ് കേസിലെ പ്രതികളാണ്.

കൈക്കുഞ്ഞുങ്ങളുടെ പോലും പാസ്പോർട്ട് വിവരങ്ങൾ ഉപയോഗിച്ചാണ് പ്രതികൾ മദ്യം കടത്തിയത്. മദ്യം പുറത്തേക്ക് കടത്താനായി 15 ൽപ്പരം എയർലൈൻ കമ്പനികളിൽ നിന്ന് യാത്രക്കാരുടെ പാസ്പോർട്ട് വിവരങ്ങൾ ഉൾപ്പെടെ ശേഖരിച്ചിരുന്നു. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ആണ് മദ്യക്കടത്ത് ആദ്യം കണ്ടെത്തിയത്. പിന്നീട് കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു.

സിബിഐ കേസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ലൂക്ക് കെ ജോർജ് ഒളിവിൽ പോയിരുന്നു. രണ്ടു വർഷങ്ങൾക്ക് ശേഷമാണ് ഇയാൾ സിബിഐയ്ക്ക് മുന്നിൽ ഹാജരായത്. നിലവിൽ തിരുവനന്തപുരത്ത് ഓഡിറ്റ് വിഭാഗത്തിൽ സൂപ്രണ്ടായി സർവ്വീസിൽ തുടരുകയാണ് ലൂക്ക് കെ ജോർജ്.