തിരുവനന്തപുരം: സംസ്ഥാന വനിത ശിശു വികസന വകുപ്പ് സജ്ജമാക്കിയ മോഡൽ ഹോമിലൂടെ കുട്ടികൾക്ക് കുടുംബാന്തരീക്ഷം സാധ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. 12 വയസിന് താഴെയുള്ള കുട്ടികളിൽ അതിജീവിതരായ സഹോദരങ്ങളുണ്ടെങ്കിൽ അവർക്ക് ഒരുമിച്ച് താമസിക്കാൻ ഹോമിൽ പ്രത്യേക സൗകര്യം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. സാമ്പത്തിക ശേഷി കുറവായ കുട്ടികളുടെ മാതാപിതാക്കൾക്ക് കുട്ടികളെ സന്ദർശിക്കുന്നതിന് യാത്രാചെലവ് അനുവദിക്കുന്നതും അവശ്യഘട്ടങ്ങളിൽ മാതാവിന് കുട്ടിയോടൊപ്പം താമസിക്കുന്നതിനുള്ള സൗകര്യവും ഹോമിൽ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വനിത ശിശുവികസന വകുപ്പ് തൃശൂർ രാമവർമ്മപുരത്ത് സജ്ജമാക്കിയ പെൺകുട്ടികൾക്കുള്ള അത്യാധുനിക മോഡൽ ഹോമിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വനിത ശിശുവികസന വകുപ്പ് നിർഭയ സെല്ലിന് കീഴിൽ 12 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള പോക്‌സോ അതിജീവിതരായ പെൺകുട്ടികൾക്ക് ശാസ്ത്രീയ പരിചരണവും അഭിരുചിക്കനുസൃതമായ വിദ്യാഭ്യാസവും നൽകി പുനരധിവസിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോഡൽ ഹോം തയ്യാറാക്കിയിരിക്കുന്നത്. 150 കുട്ടികൾക്ക് താമസിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്ക് ജീവിത നൈപുണ്യ വിദ്യാഭ്യാസവും തൊഴിൽപരമായിട്ടുള്ള വിദ്യാഭ്യാസവും ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ്.
ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിനായി ഹോമിൽ പ്രത്യേക മുറി സജ്ജമാക്കിയിട്ടുണ്ട്. സിക്ക് റൂം, ഐസോലേഷൻ റൂം, വിശാലമായ ലൈബ്രറി തുടങ്ങിയവയും ഉണ്ട്. ഓൺലൈൻ പഠനത്തിനാവശ്യമായ കമ്പ്യൂട്ടറുകൾ, ടാബുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇൻഡോർ, ഔട്ട്ഡോർ കളിസ്ഥലം, ഗാർഡൻ, പാർക്ക്, പച്ചക്കറിത്തോട്ടം, മത്സ്യക്കുളം തുടങ്ങിയവയും തയ്യാറാക്കി വരുന്നുണ്ട്.

