പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിയുമായി സഖ്യം ചേരുമെന്ന പ്രഖ്യാപനവുമായി അമരീന്ദർ സിംഗ്

ന്യൂഡൽഹി: പഞ്ചാബിൽ അപ്രതീക്ഷിത നീക്കവുമായി അമരീന്ദർ സിംഗ്. 2022 ൽ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി അദ്ദേഹം നിർണായക പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം ചേരുമെന്നാണ് അമരീന്ദർ സിംഗ് അറിയിച്ചത്. സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. പഞ്ചാബിൽ ബിജെപിയുടെ ചുമതല നിർവ്വഹിക്കുന്നത് ഗജേന്ദ്ര സിംഗ് ശെഖാവത്താണ്.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം നിന്ന് മത്സരിക്കും. സംസ്ഥാനത്ത് വിജയം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് വീതം വെക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്. ആരൊക്കെ എവിടെ മത്സരിക്കണമെന്ന് പരിശോധിക്കും. തെരഞ്ഞെടുപ്പിൽ 101 ശതമാനമായിരിക്കും വിജയമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. പഞ്ചാബിലെ ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് അമരീന്ദർ നിലകൊള്ളുന്നതെന്നാണ് ശെഖാവത്ത് അറിയിച്ചത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ അമരീന്ദർ സിംഗ് പട്യാല മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്നാണ് വിവരം. നാലു തവണ പട്യാലയിൽ നിന്നാണ് അമരീന്ദർ സിംഗ് മത്സരിച്ച് വിജയച്ചത്. അമരീന്ദറിന്റെ ഭാര്യ പ്രിണീത് കൗർ 2014 മുതൽ 2017 വരെ മൂന്ന് വർഷക്കാലം പട്യാലയെ പ്രതിനിധീകരിച്ചിരുന്നു. കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദുവുമായുള്ള പടലപ്പിണക്കത്തെ തുടർന്നാണ് അദ്ദേഹം പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതും കോൺഗ്രസിൽ നിന്നും പുറത്തു പോയതും.