ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ സമര്‍പ്പിച്ച ഹര്‍ജി നടന് ദിലീപ് പിന്‍വലിച്ചു. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്. ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
വിടുതല്‍ ഹര്‍ജി തള്ളിയതിന് എതിരെ ദിലീപ് 2020 ജനുവരിയില്‍ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന് ഫിലിപ്പ് ടി. വര്‍ഗീസ് കോടതിയെ അറിയിച്ചു. വിചാരണക്കോടതിയില്‍ ഇതിനോടകം 202 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായതായും അദ്ദേഹം വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് ജസ്റ്റിസുമാരായ എ. എം. ഖാന്‍വില്‍ക്കര്‍, സി. ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്‍കിയത്.
ദിലീപിന്റെ ഹര്‍ജി നിലവില്‍ അപ്രസക്തമാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് രണ്‍ജിത് കുമാര്‍ കോടതിയില്‍ വാദിച്ചു. വിചാരണക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കെതിരെ പിന്നീട് കോടതിയെ സമീപിക്കാന്‍ ദിലീപിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.

