പാലക്കാട്: സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. അതിനുള്ള കാലം കഴിഞ്ഞുവെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ രാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്നല്ല ഇതിനർത്ഥമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരാജയത്തിൽ നിന്ന് പാഠം പഠിച്ചു. താൻ രാഷ്ട്രീയക്കാരനായിട്ടല്ല രാഷ്ട്രീയത്തിലേക്ക് വന്നത്. ഒരു ബ്യൂറോക്രാറ്റ് ആയിട്ടായിരുന്നു തന്റെ രാഷ്ട്രീയ പ്രവേശനമെന്നും അദ്ദേഹം വിശദമാക്കി. തനിക്കിപ്പോൾ 90 വയസായി. ഈ വയസിലും ഇനി രാഷ്ട്രീയത്തിലേക്ക് കയറി ചെല്ലുന്നത് അപകടകരമായ സ്ഥിതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയത്തിൽ ചേർന്ന സമയത്ത് നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഇനി രാഷ്ട്രീയത്തിൽ ഒരു മോഹവുമില്ല. സജീവ രാഷ്ട്രീയത്തിൽ ഉണ്ടാകില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തിന് പിന്നാലെ വലിയ നിരാശയുണ്ടായെന്നും പിന്നീട് ഇത് മാറിയെന്നും ഇ ശ്രീധരൻ അറിയിച്ചു.
നാടിനെ സേവിക്കാൻ വേണ്ടി രാഷ്ട്രീയം തന്നെ വേണമെന്നില്ല. അല്ലാതെയും നാടിനെ സേവിക്കാം. നിലവിൽ ജനങ്ങളെ സേവിക്കാൻ വേണ്ടി മൂന്ന് ട്രസ്റ്റുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

