മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ഡാം സുരക്ഷാ നിയമം നടപ്പാക്കണം; ആവശ്യവുമായി പി ജെ ജോസഫ്

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് നേതാക്കൾ നടത്തുന്ന സമരം ഉദ്ഘാടനം ചെയ്ത് പി.ജെ.ജോസഫ് എംഎൽഎ. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ഡാം സുരക്ഷാ നിയമം മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ബാധകമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മരം മുറി ഉത്തരവിനു പിന്നിൽ ഉന്നതരാണെന്നും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സസ്‌പെൻഷൻ ഉടൻ പിൻവലിച്ചത് അതുകൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയും വനം മന്ത്രിയും അറിയാതെ ഉത്തരവ് ഇറങ്ങില്ല. മരം മുറി വിഷയത്തിൽ മുഖ്യമന്ത്രി മൗനം തുടരുകയാണ്. മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയത്തെക്കുറിച്ച് ആദ്യം പറഞ്ഞത് കേന്ദ്ര ജല കമ്മീഷനാണ്. മുല്ലപ്പെരിയാർ ഡാമിനെ സംബന്ധിച്ച രണ്ടു പഠന റിപ്പോർട്ടുകൾ അണക്കെട്ടിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടു ദിവസം കൊണ്ട് മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് 65 സെന്റിമീറ്റർ മഴയുണ്ടാകാൻ സാധ്യത നിലനിൽക്കുന്നതായും അങ്ങനെ സംഭവിച്ചാൽ അണക്കെട്ട് 136 അടി ജലനിരപ്പിൽ നിൽക്കുമ്പോൾ പോലും ജലനിരപ്പ് 160 അടിക്കു മുകളിൽ ഉയർന്ന് അണക്കെട്ടിനു മുകളിലൂടെ 11 മണിക്കൂറിൽ കൂടുതൽ ജലം ഒഴുകുമെന്നും അങ്ങനെ ഉണ്ടായാൽ അണക്കെട്ട് തകരുമെന്നും ഡോ. ഗോസൈന്റെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാടിനു കത്ത് എഴുതിയതു കൊണ്ടു മാത്രം കാര്യമില്ല. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.