‘കോണ്‍ഗ്രസ് ബിജെപിക്കെതിരെ ഒന്നും ചെയ്യുന്നില്ല’; വിമര്‍ശനവുമായി മമത ബാനര്‍ജി

മഡ്ഗാവ്: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് ഒരു ഹിന്ദുവിരുദ്ധ പാര്‍ട്ടിയല്ലെന്നും ബിജെപി അത്തരത്തില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും മമത ബാനര്‍ജി പറഞ്ഞു. മതസൗഹാര്‍ദ്ദിനു പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എന്നും മമത വ്യക്തമാക്കി. അതേസമയം, കോണ്‍ഗ്രസ് മടിയനായ ഒരു ഭൂവുടമയെപ്പോലെയാണെന്നും ബിജെപിയ്‌ക്കെതിരെ ഒന്നും ചെയ്യുന്നില്ലെന്നും മമത കുറ്റപ്പെടുത്തി.

‘എനിക്ക് കോണ്‍ഗ്രസിനെതിരെ സംസാരിക്കാന്‍ താത്പര്യമില്ല. കോണ്‍ഗ്രസ് ബിജെപിയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നു കരുതുന്നുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നുമില്ല. ഗോവയില്‍ ഞങ്ങള്‍ എംജിപിയോടൊപ്പം ചേര്‍ന്നു സഖ്യം രൂപീകരിച്ചിട്ടുണ്ട്. ഇതൊരു ബദലാണ്. കോണ്‍ഗ്രസിനു വേണമെങ്കില്‍ ഈ സഖ്യത്തില്‍ ചേരാം. നിങ്ങള്‍ ചേരുന്നില്ലെന്നു കരുതി മറ്റാരും ചേരില്ല. ഇതു ശരിയല്ല,’ മമത ബാനര്‍ജി പറഞ്ഞു.

ഗോവ നിയമസഭയിലെ ഒരേയൊരു എന്‍സിപി എംഎല്‍എയായ ചര്‍ച്ചില്‍ അലേമോയും മകള്‍ വാലങ്കയും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യവ്യാപകമായ പ്രചരണത്തിനൊരുങ്ങുന്ന തിരക്കിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ബിജെപി വിരുദ്ധ പാര്‍ട്ടികളെ ഒപ്പം കൂട്ടിയും സമാന നിലപാടുള്ള നേതാക്കളെ തൃണമൂലിലേക്ക് കൊണ്ടു വന്നും പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിലും സാന്നിധ്യം വര്‍ധിപ്പിക്കാനാണ് മമത ബാനര്‍ജിയുടെ നീക്കം.