തിരുവനന്തപുരം: സംസ്ഥാനത്ത് ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് പാരിതോഷികം നല്‍കുന്ന പദ്ധതിക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2,500 രൂപയാണ് ഇന്‍സന്റീവ് നല്‍കുക. കേരളത്തില്‍ ബാലവേല കുറവാണെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളോടൊപ്പവും ഇടനിലക്കാര്‍ വഴിയും കുട്ടികളെ കേരളത്തില്‍ ജോലി ചെയ്യിപ്പിക്കുന്നതിനായി കൊണ്ടുവരുന്ന സാഹചര്യം നിലവിലുണ്ട്. പൊതുജനങ്ങളുടെ പങ്കാളിത്തവും സഹായവും ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
14 വയസ് പൂര്‍ത്തിയാകാത്ത കുട്ടികളെ ജോലിയില്‍ ഏര്‍പ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. 14 വയസ് കഴിഞ്ഞതും 18 വയസ് പൂര്‍ത്തിയാകാത്തതുമായ കുട്ടികളെ അപകടകരമായ ജോലികളില്‍ ഏര്‍പ്പെടുത്താന്‍ പാടില്ലെന്നും നിയമമുണ്ട്. എന്നാല്‍, പല കാരണങ്ങള്‍ കൊണ്ടും കുട്ടികള്‍ ജോലി ചെയ്യേണ്ടി വരുമ്പോള്‍ അവരുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെ അത് ദോഷകരമായി ബാധിക്കുന്നു. കൊവിഡ് കാലത്ത് പല സ്ഥലങ്ങളിലും ബാലവേല റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനാലാണ് ബാലവേല തടയാന്‍ പൊതുജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പ് വരുത്താനുള്ള പദ്ധതിക്ക് തുടക്കമിടുന്നത്.
ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അല്ലെങ്കില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനെയായിരിക്കണം രഹസ്യ വിവരങ്ങള്‍ അറിയിക്കേണ്ടത്. ഇവരുടെ ഫോണ്‍ നമ്പരുകള്‍ http://wcd.kerala.gov.in/offices_icps.php എന്ന ലിങ്കില്‍ നല്‍കിയിട്ടുണ്ട്.

