തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല. വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ മന്ത്രി സ്വമേധയാ രാജി വെക്കണമെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രോ വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ ഒരധികാരവുമില്ലാതിരുന്നിട്ടും ഗവര്‍ണര്‍ക്ക് ഉപദേശം നല്‍കിയത് തെറ്റാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
‘നിയമപരമായി യാതൊരു അധികാരവുമില്ലാത്ത കാര്യം എങ്ങനെ മന്ത്രിക്ക് ചെയ്യാന്‍ സാധിക്കും? ഗവര്‍ണര്‍ക്ക് എഴുതിയെന്ന് പറയുന്ന കത്തിനെ കുറിച്ച് എന്തുകൊണ്ടാണ് മന്ത്രി പ്രതികരിക്കാത്തത്? മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് നിയമനം കൊടുത്തതിന്റെ ഉപകാര സ്മരണയാണ് വീണ്ടും വൈസ് ചാന്‍സലറായി കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിക്കാന്‍ ശ്രമിച്ചത്. ആ നിയമവിരുദ്ധ നടപടിക്കാണ് മന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചത്. ഇത് ഭരണഘടനാ വിരുദ്ധമാണ്, മന്ത്രിക്ക് ഭരണത്തില്‍ തുടരാന്‍ ഒരവകാശവുമില്ല. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ചെയ്തതും തെറ്റായ നടപടിയാണ്’- ചെന്നിത്തല വ്യക്തമാക്കി.
‘തെറ്റാണ് ചെയ്തതെന്ന് അദ്ദേഹം തന്നെ സ്വയം സമ്മതിച്ചു കഴിഞ്ഞു. ആ സ്ഥിതിക്ക് എങ്ങനെ വൈസ് ചാന്‍സലര്‍ക്ക് പദവിയില്‍ തുടരാന്‍ സാധിക്കും? ഇതിനെല്ലാം കൂട്ടുനിന്നത് മന്ത്രിയാണ്. അതുകൊണ്ടാണ് അവര്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഒളിച്ച് നടക്കുന്നത്. മന്ത്രിക്കെതിരെ ലോകായുക്തയ്ക്ക് പരാതി നല്‍കും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

